‘ഇനി വരുന്ന അഞ്ചു വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ’- മുഖ്യമന്ത്രിക്ക് ആശംസയുമായി കമൽ ഹാസൻ
ചരിത്രം രചിച്ച് ഭരണത്തുടർച്ച നേടിയ ഇടത് സർക്കാർ അധികാരത്തിലേറുകയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരുമ്പോൾ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാണ്. ഒട്ടേറെപ്പേർ അധികാരത്തിലിരുന്ന സർക്കാരിന് അഭിനന്ദനം അറിയിച്ച് എത്തി. ഇപ്പോഴിതാ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പിണറായി വിജയനും മറ്റു മന്ത്രിമാർക്കും അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
‘എന്റെ പ്രിയ സഖാവ് പിണറായി വിജയൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇനി വരുന്ന അഞ്ചു വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ..’ എന്നാണ് കമൽ ഹാസൻ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുകയാണ്. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാണ് ഇരിപ്പിടങ്ങൾ പോലും സജ്ജീകരിച്ചിരിക്കുന്നത്. അകലം പാലിച്ച് ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയും പേരുകളും ഉണ്ട്. ഒരു മന്ത്രിക്ക് ഒപ്പം അഞ്ചുപേർക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം ഒരുക്കിയത്.
Story highlights- kamal hasan about new kerala government