സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

May 4, 2021

കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നുമുതൽ മേയ് 9 വരെയാണ് നിയന്ത്രണങ്ങൾ. ഇതിന് ശേഷം കൊവിഡ് വ്യാപനം കുറഞ്ഞാൽ ഇളവുകൾ നൽകുമെന്നും, അല്ലെങ്കിൽ വരുന്ന ആഴ്ച മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നുമാണ് നിർദേശം.

ഈ ദിവസങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം. 2 മാസ്‌കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം.

തുണിക്കടകളും സ്വർണവ്യാപാര സ്ഥാപനങ്ങളും ബാർബർ ഷോപ്പുകളും പ്രവർത്തിക്കില്ല. ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മാത്രം. അനാവശ്യമായി പുറത്തിറങ്ങരുതെന്നും അടച്ചിട്ട മുറികളിൽ കൂട്ടം കൂടരുതെന്നും നിർദേശമുണ്ട്. ജോലിക്ക് പോകുന്നവർ ഓഫീസിലെ തിരിച്ചറിയൽ കാർഡ് കാണിക്കണം. ദീർഘദൂര ബസ്, ട്രെയിൻ സർവീസ് ഉണ്ടാകും. ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങൾ അത്യാവശ്യത്തിന് മാത്രം.

അതേസമയം, അവശ്യ സർവീസുകൾക്ക് ഇളവുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, ലാബുകൾ, ഫാർമസി, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന (ബേക്കറികൾ ഉൾപ്പെടെ) കടകൾ, പോസ്റ്റൽ/ കൊറിയർ സർവീസുകൾ, സ്വകാര്യ ട്രാൻസ്പോർട്ട് ഏജൻസികൾ, ടെലികോം/ ഇന്റർനെറ്റ് സർവീസുകൾ തുടങ്ങിയവയ്ക്കാണ് ഇളവ്.

ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ എത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകണം. ബാങ്കുകളും ഈ രീതിയിലാണ് പ്രവർത്തിക്കേണ്ടത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്.

Story highlights- kerala mini lock down instructions