കര്‍ണനിലെ കഥാപാത്രത്തിന് ശബ്ദം നല്‍കാതിരുന്നതിനെക്കുറിച്ച് വ്യക്തമാക്കി ലാല്‍
ധനുഷ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് കര്‍ണന്‍. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ലാലും ഒരു പ്രധാന കഥാപാത്രമായെത്തി. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. രജിഷ വിജയനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തിയത്.
അതേസമയം ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ലാല്‍ അല്ല. എന്തുകൊണ്ടാണ് കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കാതിരുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറുപ്പിലൂടെ.
ലാലിന്റെ വാക്കുകള്‍
കര്‍ണന്‍ എന്ന ചിത്രത്തിലെ യമരാജ എന്ന കഥാപാത്രത്തിന് ഞാന്‍ എന്തുകൊണ്ട് എന്റെ സ്വന്തം ശബ്ദം നല്‍കിയില്ലെന്ന് നിങ്ങളില്‍ പലരും ചോദിച്ചു. തിരുനെല്‍വേലി പശ്ചാത്തലമാക്കിയൊരുങ്ങിയ ചിത്രമാണ് കര്‍ണന്‍. ചെന്നൈയില്‍ സംസാരിക്കുന്ന തമിഴും തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴും തമ്മില്‍ ഏറെ അന്തരമുണ്ട്. മലയാൡകള്‍ക്കിടയില്‍ പോലും ഒരാളോട് തൃശ്ശൂര്‍ ഭാഷ സംസാരിക്കാന്‍ പറഞ്ഞാല്‍ അത് അനുകരണമായി തോന്നും. അത് ഒരിക്കലും യഥാര്‍ത്ഥ തൃശ്ശൂര്‍ക്കാരന്‍ സംസാരിക്കുന്നത് പോലെയാകില്ല.
കര്‍ണന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രംകൂടിയാണ്. ചിത്രത്തിലെ കൂടുതല്‍ അഭിനേതാക്കാളും ആ ഭാഗത്തുനിന്നുള്ളവരാണ്. അതുകൊണ്ട് ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന് ഞാന്‍ തന്നെ ഡബ്ബിങ് ചെയ്തിരുന്നെങ്കില്‍ അത് മാത്രം വേറിട്ടു നില്‍ക്കുമായിരുന്നു. ആ സിനിമയ്ക്ക് നൂറ് ശതമാനത്തില്‍ കുറഞ്ഞത് ഒന്നും നല്‍കാന്‍ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. സംവിധായകന്‍ മാരി സെല്‍വരാജിന്റേയും നിര്‍മാതാവിന്റേയും നിര്‍ബന്ധം മൂലം ഡബ്ബിങ്ങിനായി ഞാന്‍ ചെന്നൈയിലേക്ക് പോയിരുന്നു. എന്നാല്‍ അത് സിനിമയ്ക്ക് ഗുണകരമാകില്ല എന്ന് ഉറപ്പുള്ളതിനാല്‍ ഏറെ നിര്‍ബന്ധിച്ചാണ് മറ്റൊരാളെക്കൊണ്ട് കഥാപാത്രത്തിന് ശബ്ദം നല്‍കിപ്പിച്ചത്.
Story highlights: Lal Facebook post about Karnan dubbing