ആറാട്ട് -ന്റെ സംഗീതത്തിന് നരസിംഹത്തിലെ ഇന്ദുചൂഢന്റെ മാസ് ആക്ഷന്‍സ്: വിഡിയോ
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ആറാട്ട്. അടുത്തിടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസറിലെ ബിജിഎം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ബിജിഎമ്മിന് നിറഞ്ഞാടുന്ന നരസിംഹത്തിലെ ഇന്ദുചൂഢന്റെ വിഡിയോ ശ്രദ്ധ നേടുകയാണ്. ആറാട്ട് ബിജിഎമ്മിന് നരസിംഹത്തിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ ഈ എഡിറ്റിങ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന മോഹന്‍ലാല്‍ ആരാധകരും ഏറെയാണ്.
അതേസമയം ബി ഉണ്ണികൃഷ്ണനാണ് ആറാട്ടിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും.
ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.
മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. ടീസറിലും ഈ കാര്‍ ഇടം പിടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന താരത്തിന്റെ മാസ് ഡയലോഗിനേയും ഈ നമ്പര്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട് ചിത്രത്തില്‍ എന്നാണ് സൂചന.
Story highlights: Mashup for Narasimham movie with Aarattu BGM