ബാലതാരമായെത്തി നായികയായി- അഭിനയ ജീവിതത്തിൽ നാല്പതുവർഷം പൂർത്തിയാക്കി മീന
സിനിമാലോകത്ത് വർഷങ്ങളോളം വിജയകരമായി കരിയർ തുടരുന്ന നടിമാർ ചുരുക്കമാണ്. അക്കാര്യത്തിൽ വ്യത്യസ്തയാണ് മീന. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ മീന വിവാഹശേഷം ചുരുങ്ങിയത് നാളുകൾ മാത്രമാണ് അഭിനയലോകത്തുനിന്നും മാറിനിന്നത്. അഭിനയജീവിതത്തിന്റെ നാലുപതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ് നടി.
1981ൽ ശിവാജി ഗണേശൻ അഭിനയിച്ച തമിഴ് ചിത്രമായ ‘നെഞ്ചങ്കളിൽ’ ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നുവന്ന മീന 40 വർഷത്തെ കരിയറിൽ സൗത്ത് ഇന്ത്യൻ ഭാഷകളിലും ബോളിവുഡിലും തിളങ്ങി. തമിഴ് സിനിമയിൽ രജനീകാന്ത്, കമൽ ഹാസൻ, വിജയ്, അജിത് കുമാർ, സത്യരാജ്, പ്രഭാഭുദേവ, ശരത്കുമാർ, കെ. ഭാഗ്യരാജ് തുടങ്ങിയവരുടെയും മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയും മറ്റു ഭാഷകളിൽ കിച്ച സുദീപ്, രവിതേജ, ചിരഞ്ജീവി, അക്കിനേനി നാഗാർജുന, വെങ്കിടേഷ് എന്നിവരുടേയുമെല്ലാം നായികയായി മീന വേഷമിട്ടിട്ടുണ്ട്.
നാല്പതുവർഷം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കിടുകയാണ് നടി. ‘1981 ൽ ലെജന്റ് ശിവാജി അപ്പ ഒരു ബാലതാരമായി അവതരിപ്പിച്ച് ഒടുവിൽ നായികയായി മാറുകയും കഴിഞ്ഞ 40 വർഷമായി ഈ വ്യവസായത്തിൽ സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ഇത് തികച്ചും വലിയൊരു അനുഗ്രഹമാണ്. എന്നിൽ വിശ്വസിക്കുകയും മനോഹരമായ ഒരു കരിയർ രൂപപ്പെടുത്താൻ എനിക്ക് അവസരങ്ങൾ നൽകുകയും ചെയ്ത ആളുകളോട് ഞാൻ നന്ദി പറയുകയാണ്. എന്റെ കഴിവുകൾ തിരിച്ചറിഞ്ഞതിനും എന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ചതിനും നന്ദി’- മീനയുടെ വാക്കുകൾ.
Read More: ’19 വര്‍ഷങ്ങള്‍’; വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സംഗീതസംവിധായകന്‍ ദീപക് ദേവ്
അതേസമയം, ദൃശ്യം 2 എന്ന മലയാള ചിത്രത്തിലാണ് മീന ഏറ്റവുമൊടുവിൽ വേഷമിട്ടത്. സിനിമയുടെ തെലുങ്ക് പതിപ്പിലും നായിക മീന തന്നെയാണ്.
Story highlights- Meena celebrates 40 years in cinema