പുറത്തുപോകുന്നവര്‍ പൊലീസില്‍ നിന്നും പാസ് വാങ്ങണം; അറിയാം ലോക്ക്ഡൗണ്‍കാലത്തെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് നാം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് സംസ്ഥാനത്ത്. ഈ സാഹചര്യം കണക്കിലെടുത്താണ് നാളെ (മെയ് 8) മുതല്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട് നാം. എങ്കില്‍ മാത്രമേ ഈ മഹാമാരിയെ അതിജീവിക്കാന്‍ സാധിക്കൂ. ലോക്ക്ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു.
ലോക്ക്ഡൗണ്‍ കാലത്തെ പ്രധാന നിര്‍ദ്ദേശങ്ങള്‍
-അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്.
-അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ പൊലീസില്‍ നിന്നും പാസ് വാങ്ങണം.
-അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കുക. അടിയന്തിര സാഹചര്യങ്ങളില്‍ ജില്ല വിട്ടുപോകുന്നവര്‍ പേരും മറ്റ് വിവരങ്ങളും എഴുതിയ സത്യവാങ്മൂലം കൈയില്‍ കരുതണം.
-വിവാഹം, മരണാനന്തര ചടങ്ങുകള്‍, രോഗിയെ കാണല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമേ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കൂ. വിവാഹത്തിന് പോകുന്നവര്‍ ക്ഷണക്കത്തും കൈയില്‍ കരുതണം.
-തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
-വാഹന വര്‍ക്ക്ഷോപ്പുകള്‍ ആഴ്ചയുടെ അവസാനത്തെ രണ്ട് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
-തട്ടുകടകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല.
-ഹാര്‍ബറുകളില്‍ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം.
-മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.
-രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് എഴ് മണി വരെയാണ് ഹോട്ടലുകളുടേയും റസ്റ്റോറന്റുകളുടേയും പ്രവര്‍ത്തന സമയം. ഹോം ഡെലിവറി, പാഴ്സല്‍ സര്‍വീസ് എന്നിവ മാത്രമേ അനുവദിക്കൂ.
-റേഷന്‍ കടകളടക്കം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി വില്‍ക്കുന്ന കടകള്‍, പാല്, ഇറച്ചി, മീന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കാലിത്തീറ്റ വില്‍ക്കുന്ന കടകള്‍ എന്നിവയെയൊക്കെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
-അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി.
-ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
Story highlights: New lockdown guidelines in Kerala