ജീവിതം ആഘോഷമാക്കി 83 ആം വയസിൽ തനിച്ച് ലോകം ചുറ്റാനിറങ്ങിയ മുത്തശ്ശി

May 10, 2021
travel

സമൂഹമാധ്യമങ്ങൾ അടക്കം ഏറെ ആഘോഷമാക്കിയതാണ് 83 ആം വയസിൽ തനിയെ ലോകം ചുറ്റാനിറങ്ങിയ സഞ്ചാരപ്രിയയായ എലീന എർകോവ എന്ന മുത്തശ്ശിയെ. സൈബീരിയയിലെ ക്രാസ്നോയർസ്കിൽ സ്വദേശിയായ എലീന പ്രായത്തിന്റെ അവശതകൾ മറന്നും തന്റെ സ്വപ്നങ്ങളെ കൈയെത്തിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1927 ൽ ക്രാസ്‌നോയർസ്‌കിൽ ജനിച്ച എലീന ഏറെ ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് കടന്നുപോയത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട എലീന, ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകുകയും ആ ജീവിതത്തിലും ഏറെ ദുരിതങ്ങൾ അനുഭവിയ്ക്കുകയും ചെയ്തു. ആ സങ്കടങ്ങൾക്കിടയിൽ നിന്നും എലീന സന്തോഷം കണ്ടെത്തിയത് ചെറിയ ചെറിയ യാത്രകൾ നടത്തിയാണ്. നാല്പതാം വയസിൽ എലീനയ്ക്ക് പോളണ്ട്, കിഴക്കൻ ജർമ്മനി, പ്രാഗ് എന്നിവടങ്ങളിലേക്ക് പോകാൻ അവസരം ലഭിച്ചു. എന്നാൽ യാത്രകൾ ചെയ്യാനുള്ള പണം ലഭിക്കാതെ വന്നതോടെ ലോകം ചുറ്റിക്കറങ്ങണം എന്ന ആഗ്രഹം ഉള്ളിലൊതുക്കി എലീന ജീവിച്ചു.

Read also:റോഡ് മുറിച്ചുകടക്കാന്‍ അന്ധനായ വൃദ്ധനെ സഹായിച്ചു; സിംഗപ്പൂരില്‍ താരമായി ഇന്ത്യക്കാരന്‍ ഒപ്പം അംഗീകാരവും

പിന്നീടുള്ള വർഷങ്ങൾ കരകൗശല വസ്തുക്കൾ ഉണ്ടാക്കി വിറ്റും, പൂക്കൾ വിറ്റും ലഭിച്ച പണം സൂക്ഷിച്ചുവെച്ച് എലീന യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകളായിരുന്നു. 83 ആം വയസിൽ താൻ സ്വരുക്കൂട്ടിവെച്ച പണവുമായി തനിയെ ലോകം ചുറ്റാൻ ഇറങ്ങുകയായിരുന്നു എലീന. കൊച്ചുമകളുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തയാറാക്കിയതോടെ എലീനയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഇടങ്ങളിലും നിന്നും അഭിനന്ദനപ്രവാഹങ്ങളാണ് എലീന മുത്തശ്ശിയെത്തേടിയെത്തുകയായിരുന്നു. അതിനിടെ എലീനയെത്തേടി ക്യാൻസർ എത്തിയെങ്കിലും ഇതിലും തളരാതെ ഈ മുത്തശ്ശി യാത്ര തുടർന്നു. പിന്നീട് ജീവിതം ഒരു ആഘോഷമാക്കണമെന്ന് ഓർമ്മിച്ചുകൊണ്ട് 91 ആം വയസിൽ എലീന മരണത്തിന് കീഴടങ്ങി.

Story Highlights; Grandmother Travelling The World On Her Own