‘ബിജു മേനോൻ’ എന്ന നടനാണ് ഈ സിനിമയുടെ ജീവൻ- ‘ആർക്കറിയാം’ സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട്

May 21, 2021

ബിജു മേനോൻ പ്രധാന കഥാപാത്രമാകുന്ന സാനു ജോൺ വർഗീസ് ചിത്രം ‘ആർക്കറിയാം’ തിയേറ്റർ റിലീസിന് ശേഷമാണ് ഒടിടി റിലീസിനെത്തിയത്. ബിജു മേനോനൊപ്പം പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

സത്യൻ അന്തിക്കാടിന്റെ കുറിപ്പ്;

റിലീസ് ചെയ്ത സമയത്ത് കാണാൻ പറ്റാതെ പോയ സിനിമയാണ് ‘ആർക്കറിയാം’. ഇന്നലെ ആമസോൺ പ്രൈമിൽ കണ്ടു. സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണം നിർവഹിച്ച പല സിനിമകളും കണ്ടിട്ടുണ്ട്. ഹിന്ദിയിലും മലയാളത്തിലും. പക്ഷെ പക്വതയുള്ള ഒരു സംവിധായകൻ സാനുവിന്റെ ഉള്ളിലുണ്ടെന്ന് മനസ്സിലാക്കിത്തന്ന സിനിമയാണ് ‘ആർക്കറിയാം’. ഒരു കൊച്ചു കഥയെ ആർഭാടങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ സാനു അവതരിപ്പിച്ചു. (ഒട്ടും ‘ജാഡ’യില്ലാതെ എന്നാണ് ശരിക്കും പറയേണ്ടത്.)

ഷറഫുദ്ദീനും, പാർവ്വതിയും, ഇടക്ക് വന്നു പോകുന്ന ‘ഭാസി’ എന്ന കഥാപാത്രവുമടക്കം എല്ലാവരും അതിമനോഹരമായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ‘ബിജു മേനോൻ’ എന്ന നടനാണ് ഈ സിനിമയുടെ ജീവൻ. ചലനങ്ങളിലും, സംഭാഷണങ്ങളിലുമൊക്കെ എത്ര ശ്രദ്ധയോടെയാണ് ബിജു പെരുമാറുന്നത്. ഊണു കഴിക്കുമ്പോൾ ആ ചോറ് കുഴച്ച് ഉരുട്ടുന്നതിൽ പോലുമുണ്ട് ഒരു നാട്ടിൻപുറത്തുകാരന്റെ സ്വാഭാവികത. രാത്രി, ഭക്ഷണത്തിനു വേണ്ടി ഗേറ്റിനു പുറത്ത് കാത്തിരിക്കുന്ന നാട്ടുനായ്ക്കളുടെ ചിത്രമൊന്നും മനസ്സിൽ നിന്ന് പെട്ടെന്ന് മായില്ല. സാനുവിനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. ദൃശ്യങ്ങൾ മാറുന്നത് ഒരിക്കൽ പോലും അറിയിക്കാതെ എഡിറ്റു ചെയ്ത മഹേഷ് നാരായണന് പ്രത്യേക സ്നേഹം.

Story highlights- sathyan anthikkad about arkkariyam movie