വടക്കുംനാഥന്‍ പ്രേക്ഷകരിലേക്കെത്തിയിട്ട് 15 വര്‍ഷങ്ങള്‍; ഓര്‍മകളില്‍ നിറഞ്ഞ് സംവിധായകന്‍

May 19, 2021
Shajoon Kariyal's words about Vadakkumnadhan on its 15th anniversary

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് വടക്കുംനാഥന്‍. പ്രേക്ഷകരിലേക്കെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വടക്കുംനാഥന്റെ ഓര്‍മകള്‍ ഇന്നും മലയാള ചലച്ചിത്രലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഷാജൂണ്‍ കാര്യല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തെക്കുറിച്ചുള്ള മനോഹരമായൊരു ഓര്‍മക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.

ഷാജൂണ്‍ കാര്യാലിന്റെ വാക്കുകള്‍

വടക്കുംനാഥന്‍ റിലീസായതിന്റെ പതിനഞ്ചാം വാര്‍ഷികമാണിന്ന്. 2006 മെയ് 19-നാണ് കേരളത്തിലെ തിയേറ്ററുകളില്‍ വടക്കുന്നാഥനെത്തുന്നത്. വടക്കുംനാഥന്‍ വന്‍വിജയമാവാന്‍ എന്നോടൊപ്പം സഞ്ചരിച്ച സാങ്കേതിക പ്രവര്‍ത്തകരേയും അഭിനേതാക്കളെയും ഞാന്‍ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

പതിനഞ്ചുവര്‍ഷം പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ മനസ്സിലാദ്യം പ്രത്യക്ഷപ്പെടുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ പുഞ്ചിരിക്കുന്ന മുഖമാണ്. പിന്നെ എന്റെ സ്വന്തം രവിയേട്ടന്റെ മുഖവും! രണ്ടു പ്രതിഭകളും ഇന്ന് നമ്മോടൊപ്പം ഇല്ല. വടക്കുംനാഥന്റെ തിരക്കഥ പല പ്രമുഖ സംവിധായകരുടെ കൈകളിലൂടെ മാറി മറിഞ്ഞ് ഒടുക്കം എന്നില്‍ എത്തിയത് ഗിരീഷിന്റെ പ്രത്യേക താല്‍പര്യം കൊണ്ട് മാത്രമാണ്. പ്രിയ സുഹൃത്തിനെ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം ഞാന്‍ സ്മരിക്കുന്നു. അതുപോലെ എനിക്ക് വേണ്ടി പ്രത്യേകം താല്‍പര്യമെടുത്ത് രവിയേട്ടന്‍ ചിട്ടപ്പെടുത്തി പൊന്‍തളികയില്‍ വെച്ചുനീട്ടി തന്ന മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തു ആസ്വദിക്കാന്‍ കഴിയുന്ന ആറ് ഗാനങ്ങള്‍…

അവര്‍ രണ്ടുപേരും എന്റെ ജീവിതത്തിലെ വലിയ രണ്ടു നഷ്ടങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ലൊക്കേഷന്‍ തിരയുന്നതിലും കോസ്റ്റ്യും പര്‍ച്ചേസിങ്ങില്‍ പോലും എന്നെ വളരെയധികം സഹായിച്ചു ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകന്മാരിലൊരാളായ എസ്. കുമാര്‍. വടക്കുംനാഥന്റെ ഛായാഗ്രഹണത്തില്‍ അദ്ദേഹം കാണിച്ച പ്രത്യേക താല്‍പര്യത്തിന് നന്ദി വാക്കുകളിലൊതുക്കാവുന്നതല്ല. ഞാന്‍ ആഗ്രഹിക്കുന്ന തിരുത്തലുകള്‍ പലയാവര്‍ത്തി മുഷിവില്ലാതെ ചെയ്തു തന്ന എഡിറ്റര്‍ ഹരിഹരപുത്രന്‍ എന്ന പുത്രേട്ടന്‍! സാമ്പത്തിക പരാധീനത മൂലം ചിത്രീകരിക്കേണ്ടെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചപ്പോള്‍ montage shots ഉപയോഗിച്ച് ഗംഗേ എന്ന ഗാനം പൂര്‍ത്തിയാക്കിയതില്‍ പുത്രേട്ടനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. Negative cutting കഴിഞ്ഞ ശേഷം എന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് ജോയ്ന്‍ ചെയ്ത negatives വീണ്ടും അടര്‍ത്തി മാറ്റി re-edit ചെയ്യാന്‍ ധൈര്യം കാണിച്ച എഡിറ്റര്‍. ഒരു പക്ഷേ ചരിത്രത്തിലാദ്യാമായിട്ടായിരിക്കും negative cutting കഴിഞ്ഞതിന് ശേഷം ഒരു മുഴുനീള ഗാനം re-edit ചെയ്തിട്ടുണ്ടാവുക എന്ന് പുത്രേട്ടന്‍ പറഞ്ഞതായി ഞാനോര്‍ക്കുന്നു.

രവിയേട്ടന്റെ വേര്‍പാടിന് ശേഷമാണ് വടക്കുംനാഥന്റെ പശ്ചാത്തലസംഗീതം ഔസേപ്പച്ചന്‍ ചേട്ടന്‍ നിര്‍വ്വഹിച്ചത്. പശ്ചാത്തല സംഗീതത്തിലുടനീളം രവിയേട്ടന്റെ ഓര്‍മ്മക്കായി theme music ആയി ചേര്‍ത്തത് ഒരു കിളി പാട്ടുമൂളവേ എന്ന ഗാനത്തിന്റെ ഈണമാണ്. ഔസേപ്പച്ചന്‍ ചേട്ടന് വടക്കും നാഥന്റെ വിജയത്തില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അദ്ദേഹത്തിനും നന്ദി! കലാസംവിധായകന്‍ ഗിരീഷ് മേനോനും സഹന്മാരും ഋഷികേശ് ഷെഡ്യൂള്‍ മുതല്‍ എടുത്ത അധ്വാനത്തിന് ഒരായിരം നന്ദി. പിന്നെ സ്വന്തം അനിയനെ പോലെ കൂടെ നിന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റോഷന്‍ ചിറ്റൂര്‍! റോഷന് പല ദിവസങ്ങളിലും ഉറങ്ങാനും ഉണ്ണാനും സാധിച്ചിട്ടില്ല. നന്ദി റോഷന്‍. കടുംവര്‍ണ്ണങ്ങളില്ലാതെ കഥാഘടനക്ക് ചേര്‍ന്ന രീതിയിലുള്ള വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച കോസ്റ്റ്യൂമര്‍ മഹിക്ക് വടക്കും നാഥന്റെ result-ല്‍ വലിയൊരു പങ്കുണ്ട്.

ഇരിങ്ങണ്ണൂര്‍ ഭരത പിഷാരടിയുടെ മനസ്സിന്റെ താള വ്യതിയാനങ്ങള്‍ക്കനുസൃതമായ വസ്ത്രധാരണം പലരും പിന്നീട് എടുത്തു പറയുകയുണ്ടായി. ലാലേട്ടന്റെ കോസ്റ്റിയൂമര്‍ മുരളിയോട് അതിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. അഭിനയ ചക്രവര്‍ത്തി ലാലേട്ടന് കൂപ്പുകൈയ്യുമായി ഹൃദയത്തില്‍ തൊട്ട് നന്ദി. പിന്നെ എന്റെ സ്വന്തം സഹോദരന്‍ ബിജു മേനോന്‍… ബിജുവിന്റെ കരുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ചിത്രീകരണവേളയില്‍ എനിക്ക് വലിയ ആശ്വാസമായിരുന്നു.
ഈ ചിത്രത്തില്‍ സഹകരിച്ച അഭിനേതാക്കള്‍ക്കെല്ലാം വലിയ പ്രതീക്ഷയാണ് വടക്കുന്നാഥനെക്കുറിച്ചുണ്ടായിരുന്നത്. പൊന്നമ്മ ചേച്ചി, ബാബു ചേട്ടന്‍ (ബാബു നമ്പൂതിരി), പത്മപ്രിയ, കാവ്യ, ഷമ്മി തിലകന്‍… തുടങ്ങി എല്ലാവര്‍ക്കും നന്ദി!
എല്ലാറ്റിലുമുപരി പൂര്‍ത്തിയാക്കാനാവില്ലെന്ന് പലരും വിധിയെഴുതിയ ഈ സിനിമയുടെ നിര്‍മ്മാതാവ് ഗോവിന്ദന്‍ കുട്ടി! നിര്‍മ്മാതാക്കളിലൊരാളായ രാജേട്ടന്‍. രാജേട്ടന്‍ അകമഴിഞ്ഞ് സഹായിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് വടക്കുംനാഥനില്ല. അതുപോലെ വിതരണക്കാരന്‍ ജോണി സാഗരികയും. വടക്കും നാഥന്‍ കേരളത്തിലെ നാല് പ്രമുഖ കേന്ദ്രങ്ങളില്‍ 100 ദിവസം പൂര്‍ത്തിയാക്കി വിജയിപ്പിച്ച ഓരോ പ്രേക്ഷകനും നന്ദി! എല്ലാറ്റിലുമുപരി ഈ സിനിമയുടെ തുടക്കത്തിന് കാരണക്കാരനായ എന്റെ അച്ഛന്‍ രാംദാസ് കാര്യാലിനും… നന്ദി!

Story highlights: Shajoon Kariyal’s words about Vadakkumnadhan on its 15th anniversary