ഒരു ദിവസം കൊണ്ട് ഹീറോയായി മാറിയ ആട്ടിടയൻ..
ഒരൊറ്റ ദിവസം കൊണ്ട് ഒരു രാജ്യത്തിന്റെ മുഴുവൻ ഹീറോയായി മാറിയ ഒരു മനുഷ്യനുണ്ട് അങ്ങ് ചൈനയിൽ. കഴിഞ്ഞ ദിവസം വരെ ആടുകളെ മേയ്ക്കുന്ന ഒരു സാധാരണ ആട്ടിടയൻ, എന്നാൽ ഇന്ന് ലോകം വാഴ്ത്തുന്ന ഹീറോ. ഴൂ കെമിംഗ് എന്ന ആട്ടിടയനെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. ചൈനയിലെ മലയോര മാരത്തണിൽ പങ്കെടുത്ത ആറു പേരുടെ ജീവൻ സംരക്ഷിച്ചുകൊണ്ടാണ് ഴൂ കെമിംഗ് ഒരു രാജ്യത്തിന്റെ മുഴുവൻ ഹീറോ ആയത്.
കഴിഞ്ഞ ദിവസം നടന്ന മരത്തോണിനിടെയാണ് ശക്തമായ കാറ്റും മഴയും മലയോര പ്രദേശങ്ങളിൽ രൂക്ഷമായത്. 172 പേരാണ് ഈ മരത്തോണിൽ പങ്കെടുത്തത്. കാലാവസ്ഥ അതികഠിനമായതോടെ പലരും വഴികളിൽ പലയിടങ്ങളിൽ അഭയം പ്രാപിച്ചു. എന്നാൽ 21 പേർ ഈ കാലാവസ്ഥയെത്തുടർന്ന് മരണപ്പെട്ടു. ചിലരെ ഇതുവരെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ആറു പേരുടെ ജീവൻ സംരക്ഷിച്ച ഈ ആട്ടിടയൻ ലോകത്തിന്റെ ഹീറോയായി മാറിയത്.
Read also:സൂര്യനുചുറ്റും മഴവിൽ വലയം; അപൂർവ കാഴ്ചയിൽ അമ്പരന്ന് നാട്ടുകാർ
ഴൂ കെമിംഗ് ആടുകളെ മേയ്ക്കുന്നതിനിടെയാണ് മഴയും കാറ്റും ശക്തമായത്. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നതിനാൽ ഴൂ കെമിംഗ് അതിനുള്ള വസ്ത്രങ്ങളും മറ്റും കൈയിൽ കരുതിയിരുന്നു. ആ പ്രദേശത്തെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ഇതിനിടെയിലാണ് കനത്ത മഴയിലും തണുപ്പിലും അനങ്ങാനാവാതെ ഒരാൾ കഷ്ടപ്പെടുന്നത് ഴൂ കെമിംഗ് കണ്ടത്. ഇതോടെ ആ തണുപ്പിൽ അയാളുടെ അടുത്തേക്ക് ഓടി അടുത്തുള്ള ഒരു ഗുഹയിൽ അയാളെ ഇരുത്തി തന്റെ കൈയിലുണ്ടായിരുന്ന വസ്ത്രങ്ങളും ഭക്ഷണവും നൽകി സഹായിച്ചു. അതൊരു മത്സരാർഥി ആണെന്ന് തിരിച്ചറിഞ്ഞതോടെ കൂടെ ഉള്ള ആളുകൾക്കായും ഴൂ കെമിംഗ് തെരച്ചിൽ നടത്തി. അങ്ങനെ ആ കൊടുംതണുപ്പിൽ പലയിടങ്ങളിൽ നിന്നുമായി തണുത്ത് വിറച്ച് അനങ്ങാൻ പോലും കഴിയാതിരുന്ന മൂന്ന് സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയും അയാൾ രക്ഷപ്പെടുത്തി.
Read also:100 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് വംശനാശം നേരിട്ടുവെന്ന് കരുതിയ ഭീമൻ ആമയെ
അതേസമയം ലോകം മുഴുവൻ ആ രക്ഷകനെ നോക്കി കൈകൾ കൂപ്പുമ്പോൾ തനിക്ക് രക്ഷപ്പെടുത്താൻ കഴിയാതെ പോയവരെയോർത്ത് ആകുലപ്പെടുകയാണ് ഈ നന്മ മനുഷ്യൻ.
Story Highlights; Shepherd Helps Marathon Runners, Hailed Hero