തമിഴ്നാട്ടിലെ കൊവിഡ് പ്രതിരോധത്തിനായി ഒരുകോടി രൂപ സംഭാവന നൽകി സൂര്യയും കാർത്തിയും
കേരളത്തിന് പുറമെ തമിഴ്നാടും കൊവിഡ് രൂക്ഷമായ അവസ്ഥയിലാണ്. പലവിധത്തിലുള്ള പ്രതിരോധമാര്‍ഗങ്ങളാണ് തമിഴ്നാട്ടിലും നടക്കുന്നത്. മാത്രമല്ല, തമിഴ്നാട്ടിലും രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ചുകഴിഞ്ഞു. തമിഴ്നാടിനെ സംബന്ധിച്ച് സിനിമാലോകവും രാഷ്ട്രീയവും ഒന്നാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഒരു പ്രതിസന്ധി വരുമ്പോൾ സിനിമാ താരങ്ങളും മുന്നിട്ടിറങ്ങും. ഇപ്പോഴിതാ, കൊവിഡ് പ്രതിരോധത്തിനായി നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും ഒരുകോടി രൂപ തമിഴ്നാട് സർക്കാരിന് സംഭാവന ചെയ്തിരിക്കുകയാണ്.
പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് താരങ്ങൾ തുക കൈമാറിയത്. മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്കാണ് താരങ്ങൾ സംഭാവന നൽകിയത്. മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ നാലു പതിറ്റാണ്ടായി തനിക്ക് അറിയാമെന്നും മകൻ സ്റ്റാലിനെ മുഖ്യമന്ത്രിയായി കാണുന്നത് വാളരെയധികം സന്തോഷിപ്പിച്ചുവെന്നും വാർത്താസമ്മേളനത്തിൽ സൂര്യയുടെയും കാർത്തിയുടെയും പിതാവ് ശിവകുമാർ അറിയിച്ചു.
Read More: മനോഹര നൃത്തച്ചുവടുകളുമായി ഒരു മുത്തശ്ശനും മുത്തശ്ശിയും; നിറഞ്ഞ് കൈയടിച്ച് സൈബർ ലോകം
അതേസമയം, വൈറസ് കൂടുതൽ പകരുന്നത് തടയാൻ നടൻ അജിത്തിന്റെ ‘ദക്ഷ’ ടീമും മുന്നിട്ടിറങ്ങിയിരുന്നു. അജിത്തിന്റെ മാർഗനിർദേശപ്രകാരം ദക്ഷ സംഘം വികസിപ്പിച്ച ഡ്രോൺ, കൊറോണ വ്യാപിച്ച പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. ഡ്രോണുകളിലൂടെ റോഡുകളിൽ അണുനാശിനി തളിക്കാൻ ദക്ഷ ടീം ഇപ്പോൾ തിരുനെൽവേലി ജില്ലയിലാണ്.
Story highlights- Suriya and Karthi donate ₹1 crore