മെയ്ദിനാശംസകള്‍ നേര്‍ന്ന് ‘തുറമുഖ’ത്തിന്റെ പോസ്റ്റര്‍

May 1, 2021
Thuramugam Movie New Poster

രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. മെയ് ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പുതിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വായടക്കപ്പെട്ടോരുടെ വാക്കാണു കലാപം മെയ്ദിനാഭിവാദ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. നിവിന്‍ പോളി, ജോജു ജോര്‍ജ്, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, ഇന്ദ്രജിത്, പൂര്‍ണിമ ഇന്ദ്രജിത്, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചിയിലെ തുറമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. രാജീവ് രവി സംവിധാനം ചെയ്യുന്ന ആദ്യ നിവിന്‍ പോളി ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ‘തുറമുഖം’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ.

Read more: അന്ന് സ്വന്തം മുഖത്തെ വെറുത്തു; ഇന്ന് ആ മുഖം അനേകര്‍ക്ക് പ്രചോദനം: വെള്ളപ്പാണ്ടിനെ ചിരിച്ച് തോല്‍പിച്ച് മോഡലായ പെണ്‍കുട്ടി

കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ എന്ന സിനിമയൊരുങ്ങുന്നതെന്നും ചില സൂചനകള്‍ പുറത്തുവന്നിരുന്നു. അതേസമയം രക്തചൊരിച്ചിലികള്‍ക്കു പോലും കാരണമായിട്ടുണ്ട് ഈ സമ്പ്രദായം. തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്. അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോപങ്ങള്‍ക്കും ‘ചാപ്പ’ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം കാരണമായിട്ടുണ്ട്.

Story highlights: Thuramugam Movie New Poster