മരങ്ങൾക്ക് അസുഖം വന്നാൽ ഇനി ഡോക്ടർ ചികിത്സിക്കും…

June 22, 2021

രോഗം വന്നാൽ ചികിത്സിക്കാൻ ഡോക്ടറെ കാണാൻ പോകാറാണ് പതിവ്..എന്നാൽ മരങ്ങൾക്കും ചെടികൾക്കുമൊക്കെ അസുഖം വന്നാൽ എന്ത് ചെയ്യും… ഇനി മുതൽ മരങ്ങളുടെ രോഗവിവരങ്ങൾ അറിഞ്ഞ് പരിശോധിക്കാനും പരിഹരിക്കാനുമൊക്കെ ഡോക്ടറുമാർ വരും. പുറം രാജ്യങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ നേരത്തെ മുതൽ ഉണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഇന്ത്യയിൽ മുംബൈയിലാണ് മരങ്ങളെ സംരക്ഷിക്കാൻ ഡോക്ടറുമാർ വരുന്നത്.

ട്രീ സർജൻ എന്നറിയപ്പെടുന്ന ഡോക്ടറുമാർ ഇനി മുതൽ മുംബൈയിലെ തെരുവോരങ്ങളിൽ എത്തി ഓരോ മരങ്ങളെയും പരിശോധിച്ച് അവയുടെ കേടുപാടുകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഓരോ ദിവസവും 150 ഓളം മരങ്ങളാണ് പരിശോധിച്ച് അവയുടെ സ്ഥിതി മനസിലാക്കുന്നത്. കാലപ്പഴക്കം വന്ന മരങ്ങൾ ക്ഷയിച്ച് വീഴാതിരിക്കാനും അവ കേടുകൂടാതെ സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്. ഇതിന് പുറമെ ഈ മരങ്ങൾ സംരക്ഷിക്കപ്പെടാനുള്ള വഴികളും ട്രീ സർജൻമാർ നിർദ്ദേശിക്കുന്നുണ്ട്.

Read also:അഞ്ചാം മാസത്തിൽ 337 ഗ്രാം തൂക്കവുമായി പിറന്നു; അതിജീവിക്കാൻ ഒരുശതമാനം പോലുമില്ലെന്ന് വിധിയെഴുതി- ഇന്ന് ഗിന്നസ് റെക്കോർഡിനൊപ്പം ഒന്നാം പിറന്നാൾ ആഘോഷം

മരങ്ങൾ പരിശോധിക്കുമ്പോൾ ഇവ ഇരിക്കുന്ന ഇടങ്ങളിലെ മണ്ണിന്റെ ഘടനയും വേരുകളുടെ അവസ്ഥയും വരെ കൃത്യമായി മനസിലാക്കാൻ ട്രീ സർജന്മാർക്ക് കഴിയും. അതേസമയം മുംബൈയിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുള്ളതായാണ് അധികൃതർ അറിയിക്കുന്നത്. അതിന് പുറമെ മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിക്കുകയാണ് ഈ പദ്ധതി.

Story highlights;tree surgeon appointed In Mumbai