ആസിഡ് ആക്രമണത്തിന് ഇരയായവർ ഒന്നിച്ചു; വിശപ്പകറ്റിയത് നൂറുകണക്കിന് ആളുകളുടെ…
കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നിരവധിപ്പേർക്ക് ആശ്വാസമാകുകയാണ് ആസിഡ് അക്രമണത്തിന് ഇരയായ ഒരു കൂട്ടം ആളുകൾ. അക്രമണത്തിന് ഇരയായവർ ഒന്നിച്ച ‘ചനവ്’ എന്ന സംഘടന ഇതിനോടകം വിശപ്പകറ്റിയത് തെരുവോരങ്ങളിൽ അലയുന്ന നൂറുകണക്കിന് ആളുകളുടെ. മഹാമാരിക്കാലത്ത് ദുരിതത്തിലായവർക്ക് വേണ്ടി ചനവ് എന്ന സന്നദ്ധ സംഘടനയും ഷീറോസ് ഹാങ്ഔട്ട് എന്ന കഫേയും ചേർന്നാണ് ഭക്ഷണപ്പൊതികൾ തയാറാക്കുന്നത്.
ഷീറോസ് ഹാങ്ഔട്ട് കഫേയിൽ തയാറാക്കുന്ന ഭക്ഷണം തെരുവോരങ്ങളിൽ കഴിയുന്നവർക്കും വീടില്ലാത്തവർക്കും ആശുപത്രിയിൽ കഴിയുന്ന നിർധനരായ രോഗികൾക്കുമായാണ് എത്തിച്ചുനൽകുന്നത്. മെയ് പതിനേഴ് മുതൽ ആരംഭിച്ച ഈ പ്രവർത്തനത്തിലൂടെ ദിവസേന നൂറിലധികം ആളുകളാണ് വിശപ്പകറ്റുന്നത്.
ചോറ്, റൊട്ടി, സലാഡ്, പരിപ്പ്, തൈര്, തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് ഭക്ഷണപൊതികൾ തയാറാക്കുന്നത്. ഭക്ഷണത്തിന് വേണ്ടി നിരവധിപ്പേരാണ് ഇന്ന് ഇവരെ കാത്തിരിക്കുന്നത്. അതേസമയം കൊറോണക്കാലത്തിന് ശേഷവും ദുരിതമനുഭവിക്കുന്നവർക്ക് ഇത്തരത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. വിശന്നിരിക്കുന്നവർക്ക് മുന്നിലേക്ക് ഈ ഭക്ഷണപ്പൊതികൾ എത്തിക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ചിരിയാണ് തങ്ങൾക്ക് ഇതിനുള്ള പ്രചോദനം നൽകുന്നത് എന്നാണ് ഇവർ പറയുന്നത്.
Story Highlights:acid attack survivors help covid patients