കൈക്കുഞ്ഞുമായി നാരങ്ങാവെള്ളം വിറ്റുനടന്ന സ്ഥലത്ത് പതിനാലു വർഷത്തിന് ശേഷം എസ് ഐ പോസ്റ്റിൽ; കരുത്താണ് ഈ പെൺജീവിതം

June 27, 2021

ഭർതൃവീട്ടിൽ നിസ്സഹായരായിപ്പോയ ചില പെൺജീവിതങ്ങളാണ് മലയാളികൾ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യുന്നത്. പല കാരണങ്ങൾകൊണ്ട് അവർക്ക് ഇറങ്ങിപ്പോരാനോ, പ്രതിരോധിക്കാനോ സാധിക്കാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. എന്നാൽ, ചെറുപ്രായത്തിൽ തന്നെ ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ ജീവിതം തിരികെപ്പിടിച്ച ആനി ശിവയുടെ കഥ പെൺകുട്ടികൾക്ക് മാതൃകയാണ്. ഒരിക്കൽ തളർന്നുപോകേണ്ടിയിരുന്ന സാഹചര്യങ്ങളിൽ നിന്നും ഫീനിക്‌സ് പക്ഷിയായി ഉയിർത്തെഴുന്നേറ്റ ആനി ശിവ ഇന്ന് വർക്കല പോലീസ് സ്റ്റേഷനിലെ എസ് ഐ ആണ്.

ആത്മബലത്തിന്റെ നേർക്കാഴ്ച്ചയാണ് ആനി ശിവ. ഭർത്താവിനാലും സ്വന്തം കുടുംബത്തിനാലും അവഗണിക്കപ്പെട്ട് പതിനെട്ടാം വയസിൽ തെരുവിലേക്ക് കൈക്കുഞ്ഞുമായി ഇറങ്ങിയ ആനി ശിവ പല തൊഴിലുകൾ ചെയ്താണ് കുഞ്ഞിനെ വളർത്തിയത്. പത്തുവർഷം മുൻപ് ജീവിക്കാനായി വർക്കല ശിവഗിരി തീർത്ഥാടന കാലത്ത് നാരങ്ങാ വെള്ളവും ഐസ്ക്രീമും വിറ്റിരുന്ന അതേസ്ഥലത്ത് എസ് ഐ ആയി വന്നിറങ്ങിയിരിക്കുകയാണ് ആനി ശിവ.

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരിക്കുമ്പോഴാണ് പ്രണയിച്ച വ്യക്തിക്കൊപ്പം ജീവിതം ആരംഭിച്ചത്. ഒരു കുഞ്ഞു ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു. തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ അവരും സ്വീകരിച്ചില്ല. പിന്നീട്, അമ്മൂമ്മ വീടിന്റെ ചായ്പ്പിൽ കുഞ്ഞിനൊപ്പം ജീവിതം ആരംഭിച്ചു ആനി ശിവ.

കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തിയും ഇൻഷുറൻസ് ഏജന്റായും വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തുമൊക്കെ പണം കണ്ടെത്തി. ഇതിനിടെ കോളേജിൽ പോയി സോഷ്യോളജിയിൽ ബിരുദം നേടി. പലയിടങ്ങളിൽ മകനെയുംകൊണ്ട് മാറിത്താമസിച്ചു. ഒടുവിൽ ആണ്കുട്ടികളെപോലെ മുടിവെട്ടി. മകൻ ശിവസൂര്യ അപ്പയെന്നാണ് ആനിയെ വിളിക്കുന്നത്. പലരും കരുതിയത് ചേട്ടനും അനിയനും ആണെന്നാണ്.

Read More: 41 വർഷമായി കാട്ടിൽ, മനുഷ്യരെ ഭയം; യഥാർത്ഥ ജീവിതത്തിലെ ടാർസനെ പരിചയപ്പെടാം

2014ലാണ് സുഹൃത്ത് പറഞ്ഞിട്ട് വനിതകളുടെ എസ് ഐ പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നത്. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതിയിരുന്നു. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ് ഐ പരീക്ഷയിലും വിജയംനേടി. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ് ഐയായി ആദ്യനിയമനവും നേടി.

Story highlights- annie shiva lifestory