മാലാഖയല്ല മനുഷ്യനാണ്; ഹൃദയംതൊട്ട് നഴ്‌സിന്റെ കുറിപ്പ്

June 29, 2021
Facebook post on nurses day

സ്വന്തം ആരോഗ്യവും സന്തോഷവും മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് ആരോഗ്യപ്രവർത്തകർ. നഴ്‌സുമാരോടും ഡോക്ടറുമാരോടും നന്ദിയും സ്നേഹവും ഉള്ളവരാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. എന്നാൽ ചിലരെങ്കിലും ഇവരോട് ബഹുമാനം കാണിക്കാറില്ല. ഊണും ഉറക്കവും നഷ്ടപ്പെടുത്തി ഇത്തരത്തിൽ സേവനം ചെയ്യുന്നതിനിടെയിൽ അനുഭവിക്കുന്ന മാനസീക സംഘർഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ആര്യ എന്ന നഴ്‌സ്.

ആര്യയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

‘നഴ്സിംഗ് കഴിഞ്ഞു കാർഡിയോളജി വാർഡിൽ ഇന്റേൺഷിപ് അഥവാ ട്രെയിനി ആയിരുന്ന സമയം…. പേരിൽ മാത്രമേ മാറ്റമുള്ളൂ പണിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. പക്ഷെ കിട്ടുന്ന ശമ്പളത്തിൽ നല്ല കുറവ് ഉണ്ടാവുകയും ചെയ്യും….അന്ന് ഈവനിംഗ് ഡ്യൂട്ടി ആയിരുന്നു. കൂടെ ഉണ്ടായിരുന്നത് റോസ്മി ചേച്ചിയും ഷീന ചേച്ചിയും ആയിരുന്നു എന്നാണ് എന്റെ ഓർമ്മ….

റൂം സൈഡിൽ കിടന്നിരുന്ന ഒരു 65-70 വയസ്സുള്ള ഒരു ഉമ്മയ്ക്ക് ഞങ്ങൾ ഡ്യൂട്ടിക്ക് കേറുന്നേൻറെ മുന്നേ തന്നെ തുടങ്ങിയ ഗ്യാസ്ട്രിക് പ്രോബ്ലെംസ് ആണ്, അതായത് വയറ്റിൽ എരിച്ചിൽ പുകച്ചിൽ, ഉരുണ്ടു കയറ്റം, ഒക്കാനം, ഛർദിക്കാൻ ഉണ്ടോ എന്നൊരു തോന്നൽ ഇങ്ങനെ വെറൈറ്റി കംപ്ലൈന്റ്സ് ആയിരുന്നു. ഓരോ തവണ കൂടെ ഉള്ളവർ വന്നു ഓരോ പ്രശ്നം പറയും. ചൂട് വെള്ളം കുടിക്കാനും, ഭക്ഷണം കഴിക്കാനും ഒരുപാട് മരുന്ന് കഴിക്കുന്നതല്ലേ അതിന്റെ ആണെന്ന് ഒക്കെ പറഞ്ഞു സമാധാനിപ്പിച്ചു വിടുന്നുണ്ട്…

നഴ്സസ് റൗണ്ട്സിന്റെ ടൈമിൽ കൂടെ ഉള്ള ചേച്ചിമാരുടെ കൂടെ ആ റൂമിൽ ഒന്ന് കേറി വിവരം അന്വേഷിച്ചതല്ലാതെ ഞാൻ ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. കാരണം വേറൊന്നും കൊണ്ടല്ല ആ ഉമ്മയെ നോക്കുന്ന ഡോക്ടർക്ക് ട്രെയ്‌നി പിള്ളേർ പുള്ളിടെ രോഗികളെ നോക്കുന്നത് ഇഷ്ടമേ അല്ലായിരുന്നു… ബാക്കി ഡോക്ടേഴ്‌സിന്റെയൊക്കെ രോഗികളെ നോക്കി പഠിച്ചു കുറച്ചു കാലം വാർഡിൽ ഒക്കെ നിന്ന് കഴിയുമ്പോൾ പതുക്കെ പതുക്കെ ഈ പുള്ളിടെ രോഗികളേം നമുക്ക് അസൈൻമെന്റ് ഇട്ട് തരും….

ഏത് മറ്റേ സലിം കുമാർ പറഞ്ഞത് പോലെ, ആദ്യം കാലിൽ മേക്കപ്പ് ഇട്ട് പഠിച്ചിട്ട് മുഖത്തിട്ടാൽ മതി എന്നൊരു ലൈൻ… പക്ഷെ എന്റെ കൂടെ ഉള്ള രണ്ടാൾക്കും ആ റൂമിൽ നിന്ന് ഇറങ്ങാൻ നേരവും ഉണ്ടായിരുന്നില്ല. ഇടക്ക് ഡോക്ടറെ വിളിച്ചു ആ രോഗിയുടെ കംപ്ലൈന്റ്സ് പറയും. ഡോക്ടർ ഗുളികയും ഇൻജെക്ഷനും ഒക്കെ മാറി മാറി കൊടുത്തു… ഇടക്ക് റൗണ്ട്സിന് വന്നപ്പോൾ രോഗിയെ കാണുകയും പരിശോധിക്കുകയും ചെയ്തു. പക്ഷെ ആ ഉമ്മയുടെ അസ്വസ്ഥതകൾ മാത്രം കുറഞ്ഞില്ല… അതു ഒന്നൊഴിയുമ്പോൾ മറ്റൊന്നായി വന്നുകൊണ്ടേയിരുന്നു…

ആ ഉമ്മയുടെ കൂടെ ആണെങ്കിൽ ഒരു ജാഥക്ക് ഉള്ള ആളും ഉണ്ട്. അവരാണെങ്കിൽ ഉമ്മ തുമ്മിയാൽ വരെ പേടിച്ചു വിറച്ചു ഞങ്ങളേം അന്വേഷിച്ച് വരുന്നുമുണ്ട്…. കാർഡിയാക് പേഷ്യന്റ്‌സിന് റെസ്റ്റ് വേണ്ട സമയത്ത് കുടുംബക്കാർ എല്ലാരുംകൂടി വലിഞ്ഞു കേറി വന്നു ഒരു ഉപകാരവും ഇല്ലാത്ത കുറേ ഹെൽത്ത്‌ എഡ്യൂക്കേഷനും അഭിപ്രായങ്ങളും പറഞ്ഞു ടെൻഷൻ അടിപ്പിച്ചു കൊല്ലാകൊല ചെയ്യുന്നതിൽ വിസിറ്റേഴ്‌സിന്റെ പങ്ക് വളരെ വലുതാണ്.

ഒന്നും ചെയ്യാനില്ലെങ്കിലും വെറുതെ അവർക്ക് ഒരു സമാധാനം ആയിക്കോട്ടെയെന്ന് കരുതി ചേച്ചിമാർ അവരുടെ ബിപിയും ഹാർട്ട്‌ റേറ്റും ഷുഗറും, സാച്ചുറേഷനുമൊക്കെ ഇടക്ക് പോയി നോക്കുന്നുണ്ട്. അതിലും പ്രശ്നങ്ങൾ ഒന്നും ഇല്ല…അങ്ങനെ വീണ്ടും കംപ്ലയിന്റ് പറയാൻ വന്ന ആളോട് ഫിസിയോളജിക്കൽ പ്രശ്നങ്ങൾ ഒന്നും ഇല്ല ചിലപ്പോൾ ടെൻഷൻ കൊണ്ടാകും. ഉമ്മായ്ക്ക് ഇങ്ങനെ ഓരോന്ന് തോന്നുന്നത് ഇനിയും പ്രശ്നം ഉണ്ടെങ്കിൽ വേണമെങ്കിൽ ഒരു സ്കാനിംഗ് എടുക്കാം എന്നൊക്കെ ഡോക്ടർ പറഞ്ഞത് പോലെ ചേച്ചിമാർ വിശദീകരിച്ചു കൊടുത്തു…

ആ ഉമ്മയ്ക്ക് നല്ല സപ്പോർട്ട് കൊടുത്തു കൂടെനിൽക്കുക അല്ലാതെ അവരെക്കാൾ ടെൻഷൻ അടിച്ചു നിങ്ങൾ ഇങ്ങനെ ആയാൽ ശരിയാവില്ല എന്നൊക്ക ഒടുക്കത്തെ മോട്ടിവേഷൻ കൊടുത്തുവിടുന്നു. പിന്നെ ഒരു പതിനഞ്ചു മിനിറ്റ് നേരം ഒരു പ്രശ്നവും ഇല്ല പെട്ടെന്ന് ആ റൂമിന്റെ ഭാഗത്തു നിന്നും ഒരു കരച്ചിൽ കേൾക്കുന്നു…ആ ഭാഗത്ത്‌ നിന്ന് ആരൊക്കെയോ ഇങ്ങോട്ടേക്കു ഓടി വരുമ്പോഴേക്കും ചേച്ചിമാർ രണ്ടാളും അങ്ങോട്ടേക്ക് ഓടി… ഞാൻ Spo2 മെഷീൻ എടുക്കുന്നതിനിടയിൽ അതാ ഒരു അശരീരി കേൾക്കുന്നു “ആര്യേ… ട്രോളി എടുക്ക്” അവിടന്ന് ഓടി പോയി ട്രോളി വലിച്ചു. എന്നെ സഹായിക്കാൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു ഫിസിയോതെറാപ്പിസ്റ്റും എന്റെ കൂടെ ട്രോളിയും തള്ളിക്കൊണ്ട് ഓടി…ഞങ്ങൾ ആ റൂമിലേക്ക് കയറിയതും എവിടെ നിന്നോ ഒരു അടി കിട്ടി..ആദ്യം സംഭവം കത്തിയില്ല…ആ ഉമ്മയ്ക്ക് പൾസ് ഇല്ല… അവരുടെ ഉമ്മയെ ഞങ്ങൾ കൊന്നു എന്നും പറഞ്ഞാണ് തല്ലുന്നത് അതും കൂടെ ഉള്ള പെണ്ണുങ്ങൾ കരഞ്ഞോണ്ട് ഞങ്ങളെ പുറത്തും കൈക്കും ഒക്കെ അടിക്കുക ആണ് രണ്ടു അടി കൊണ്ട് മേല് വേദന ആയതും ട്രോളി അവരുടെ കാലേൽ കൂടി കേറ്റി വലിച്ചു രോഗിയുടെ കട്ടിലിനു അടുപ്പിച്ചിട്ടു.

ട്രോളി കേറിയ അമ്മച്ചിയ്ക്ക് സാമാന്യം നല്ല വേദന ആയി കാണും. ഇതിനിടയിൽ കൂടെ തല്ലുന്ന പെണ്ണുങ്ങളേം, ചീത്ത വിളിക്കുന്ന ആണുങ്ങളേം ഒക്കെ തള്ളിമാറ്റി കൊണ്ടു ചേച്ചിമാർ കട്ടിലിന്റെ മുകളിൽ കേറി ഞങ്ങൾ നാല് പേരും കൂടി ആ രോഗിയെ ട്രോളിയിൽ കേറ്റി… കൂടെ ഉള്ളവർ അപ്പോഴും ഞങ്ങളെ തല്ലുന്നതിലും ചീത്ത വിളിയിലും ശ്രദ്ധിക്കുക ആയിരുന്നു. അപ്പോഴേക്കും റൂമിനു പുറത്ത് സകല രോഗികളുടെയും കൂട്ടിരിപ്പുകാരുടെ വക ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥയെകുറിച്ച് ചർച്ച തുടങ്ങിയിരുന്നു…

കരച്ചിൽ കേട്ട് സഹായിക്കാൻ ഓടി വന്ന ഈ സീനിൽ ഒരിക്കൽ പോലും ഇല്ലാതിരുന്ന ഫിസിയോതെറാപ്പിസ്റ്റിനു വരെ കണക്കിന് കിട്ടുന്നുണ്ട് എന്തിനോ എന്തോ…? അവരു മൂന്ന് പേരും കൂടെ ആ രോഗിയെ തൊട്ടപ്പുറത്തുള്ള ഐസിയുവിലേക്ക് കൊണ്ടു പോയി… വഴിയിലൊക്കെ ആ പെണ്ണുങ്ങൾ കരഞ്ഞോണ്ട് ഇവരെ തല്ലുക ആയിരുന്നു… ഈ ഒച്ചയും ബഹളവും കാരണം ആ ഫ്ലോർ മൊത്തം അറിഞ്ഞിട്ടുണ്ട്… സിസ്റ്റർമാർ നോക്കാത്തത് കൊണ്ട് ഒരു രോഗി മരിച്ച കഥ…..ഞാൻ ആ സമയത്ത് ccu വിലേക്ക് രോഗി വരുന്ന വിവരം വിളിച്ചു പറയാൻ പോയത് കൊണ്ടു അത്രയെങ്കിലും തല്ല് എനിക്ക് കുറഞ്ഞു കിട്ടി… Ccu വിൽ നിന്നും ആ രോഗിയുടെ പൾസ് നോർമൽ ആയതിനു ശേഷമാണു ചേച്ചിമാർ തിരിച്ചു വന്നത്… വിവരം അറിഞ്ഞുവന്ന ഡോക്ടർ ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്തലുള്ള ശിക്ഷയെകുറിച്ചൊക്കെ അവരോടു പറഞ്ഞു. ഞങ്ങളെ തല്ലിയതിന് അവരെ വഴക്കും പറഞ്ഞു…

മാനസാന്തരം വന്നിട്ടോ അല്ലെങ്കിൽ അവരുടെ ഉമ്മയ്ക്ക് ഒന്നും പറ്റിയില്ല എന്ന് അറിഞ്ഞിട്ടാണോ അറിയില്ല….കുറച്ചു കഴിഞ്ഞു കൂട്ടത്തിൽ ഒരാൾ നഴ്സിംഗ് സ്റ്റേഷനിൽ വന്നു സിസ്റ്ററെ ഒന്നും മനസ്സിൽ വെക്കല്ലേ അന്നേരത്തെ ഒരു മാനസികാവസ്ഥയിൽ പറ്റിപോയതാട്ടോ എന്നും പറഞ്ഞു ഒരു ചിരി പാസ്സാക്കി പോയി…റോസ്മി ചേച്ചി നന്നായി തിരിച്ചു ചിരിച്ചു കൊണ്ട് അയാളുടെ നന്ദിയും ക്ഷമയും വാങ്ങി പോക്കറ്റിൽ ഇട്ടു… അയാൾ വന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു അയാളുടെ മോന്തക്ക് ഒന്ന് കൊടുത്തിട്ട് സോറി ചേട്ടാ മാനസികാവസ്ഥ കൊണ്ട് പറ്റി പോയതാ പറഞ്ഞാൽ നിങ്ങൾ ക്ഷമിക്കോ ചേട്ടാ ചോദിച്ചു കൂടായിരുന്നോ എന്ന്. അല്ലേലും ഞാൻ പണ്ടേ മാലാഖ അല്ലല്ലോ ഡ്രാക്കുള ആണല്ലോ… അല്ല പിന്നെ എന്റെ ഹൃദയത്തിനു അത്രയൊക്കെ വിശാലതയെ ഉള്ളു…

അവസാനം കുറച്ചു ദിവസത്തിന് ശേഷം അവർ ഡിസ്ചാർജ് ആകുന്ന ദിവസം അവരുടെ കൂട്ടിരിപ്പുകാരിൽ ഒരാൾ വന്നു സിസ്റ്ററെ ബില്ല് നന്നായി കുറച്ചു ഇടണേ…. എന്ന് പറഞ്ഞു നന്നായി ഒന്ന് ചിരിച്ചു… ഞങ്ങൾക്ക് കിട്ടിയ തല്ലിന്റേം കൂടി കൂട്ടി ആണ് ബില്ല് ഇടുന്നത് ചേട്ടാ എന്ന് തമ്മിൽ പറഞ്ഞു ചിരിക്കാനെ ഞങ്ങൾക്ക് അപ്പോഴും പറ്റിയുള്ളൂ… അല്ലേലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോൾ നമ്മളെ നട്ടെല്ല് വളച്ചുകുത്തി പിന്നിട്ടു വെക്കുമല്ലോ…എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കുക പോലും ചെയ്യാതെ ഇങ്ങനെ ഞങ്ങളെ നേരെ ചാടുന്ന സംഭവം ആദ്യത്തെ ഒന്നും അല്ല… പക്ഷെ അടി കിട്ടിയത് ആദ്യത്തെ ആയിരുന്നു അതുകൊണ്ട് തന്നെ ഈ സംഭവം ഒരിക്കലും മറക്കുകയും ഇല്ല….ഒരു പക്ഷെ ഞങ്ങളിൽ ആർക്കെങ്കിലും ആ സമയത്ത് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആ ഉമ്മയും ഞങ്ങളിൽ ഒരാൾക്കും കയ്യേറ്റം ചെയ്ത ഒരാളും അടക്കം എത്ര ജീവിതങ്ങൾക്ക് ഇവരൊക്കെ കണക്ക് പറയേണ്ടി വന്നേനെ….

മാലാഖയും ദൈവവും ഒന്നും അല്ല മനുഷ്യൻ ആണ്… ഏതൊരു തൊഴിലും പോലെ ഒരു തൊഴിൽ മാത്രമാണ് ആണ്… വാങ്ങുന്ന പണത്തെക്കാൾ ആത്മാർത്ഥത തൊഴിലിനോട് കാണിക്കാറുണ്ട്….എന്റെ ജീവനോ ജീവിതത്തിനോ ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യത ഉള്ള ഒരു റിസ്ക് പോലും ഞാൻ എന്റെ തൊഴിലിൽ എടുക്കില്ല…. അതു കഴിഞ്ഞുള്ള സേവന മനോഭാവം മാത്രമേ ഉള്ളു… മറ്റൊന്നും കൊണ്ടല്ല ഡോക്ടർ ദൈവം ആണ് സിസ്റ്റർ മാലാഖ ആണെന്ന് പറഞ്ഞ് പൂജിക്കാൻ വരുന്നോർ തന്നെ തല്ലി കൊല്ലാനും മുന്നിൽ കാണും…. മനുഷ്യൻ എന്ന പരിഗണനയ്ക്ക് അപ്പുറം ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.’ ആര്യ കുറിച്ചു.

Story highlights; Arya facebook post goes viral