‘അന്ന് അസാധ്യമായ സ്വപ്നം കണ്ട ആ കൊച്ചു പെൺകുട്ടി ഇന്ന് വളരെ സന്തോഷവതിയാണ്’-ഹൃദയത്തിൽ നായികയായും ഗായികയായും ദർശന രാജേന്ദ്രൻ

June 22, 2021

2017ൽ പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ദർശന രാജേന്ദ്രൻ. അഭിനയത്തിനൊപ്പം ബാവ്‌ര മൻ എന്ന ഗാനത്തിലൂടെയും ദർശന മലയാളികളുടെ ഹൃദയം കീഴടക്കി. ഇപ്പോഴിതാ, ഹൃദയം എന്ന സിനിമയിൽ നായികയാകുന്നതിനൊപ്പം ഒരു ഗാനം കൂടി ആലപിക്കുകയാണ് നടി.

‘ഹൃദയം’ എന്ന സിനിമയിൽ പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനും ഒപ്പം ഒരു പ്രധാന വേഷത്തിൽ ദർശനയും അഭിനയിക്കുന്നു. സംഗീത ദിനത്തിൽ ‘ഹൃദയത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിലെ ട്രാക്കുകളുടെ ഒരു ലിസ്റ്റ് പങ്കുവെച്ചിരുന്നു. ചിത്രത്തിൽ ഹിഷാം അബ്ദുൾ വഹാബിനൊപ്പം ദർശന ഒരു ഗാനമാലപിക്കുന്നതായി പങ്കുവയ്ക്കുന്നു.

തന്റെ പുതിയ പോസ്റ്റിൽ, ഗാനം റെക്കോർഡു ചെയ്തതിനെക്കുറിച്ച് നടി കുറിക്കുന്നു; ‘ഈ ഗംഭീരമായ എല്ലാ സംഗീതജ്ഞരുടേയും ഒപ്പം എന്റെ പേര് ഇവിടെ ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. വിനീതേട്ടൻ, ഹിഷാം എന്നിവരുമായി റെക്കോർഡുചെയ്യുന്നത് ഈ സിനിമയുടെ ഭാഗമാകുന്നതിലെ എന്റെ പ്രിയപ്പെട്ട അനുഭവങ്ങളിലൊന്നാണ്’- ദർശന കുറിക്കുന്നു.

ഒരു ദിവസം പ്രൊഫഷണലായി പാടുകയെന്നത് തന്റെ സ്വപ്നമായിരുന്നെന്നും നടി കുറിക്കുന്നു. ‘അഭിനയമോ നാടകമോ ചെയ്യുന്നതിന് വളരെ മുമ്പുതന്നെ, സംഗീതമായിരുന്നു ഒപ്പമുണ്ടായിരുന്നത്. കുട്ടിക്കാലത്തും കോളേജിലും ഞാൻ പാടി, ഞാൻ ജോലി ചെയ്തു തുടങ്ങിയപ്പോൾ അക്കപ്പെല്ല ഗ്രൂപ്പുകളുടെയും ഗായകസംഘത്തിന്റെയും ഭാഗമായിരുന്നു. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മനസ്സിലാക്കുന്നതിന് വളരെ മുമ്പുതന്നെ, സംഗീതത്തെ കലകളുമായുള്ള എന്റെ ഏക ബന്ധമായി ഞാൻ കരുതി, ഒരു ദിവസം പ്രൊഫഷണലായി പാടാൻ കഴിയുമെന്ന ഈ ചെറിയ പ്രതീക്ഷ രഹസ്യമാക്കി. അന്ന് അസാധ്യമായ സ്വപ്നം കണ്ട ആ കൊച്ചു പെൺകുട്ടി ഇന്ന് വളരെ സന്തോഷവതിയാണെന്ന് എനിക്ക് ഉറപ്പുണ്ട് . നിങ്ങൾ എല്ലാവരും ഹൃദയത്തിന്റെ ഗാനങ്ങൾ കേൾക്കുന്നതുവരെ എനിക്ക് കാത്തിരിക്കാനാവില്ല’- ദർശനയുടെ വാക്കുകൾ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. 42 വർഷത്തിന് ശേഷം മെറിലാൻഡ്‌ സിനിമാസ് നിർമാണത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

Read More: 2050ലെ ടോപ്‌ സിംഗറിന്റെ അവസ്ഥ; രസകരമായ വിഡിയോയുമായി മീനാക്ഷി

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

Story highlights- darshana rajendran about hridayam movie