അമ്മയെ നഷ്‌ടമായ അരയന്ന കുഞ്ഞുങ്ങളെ പുറത്തിരുത്തി സഞ്ചരിക്കുന്ന അച്ഛൻ; ഹൃദയം തൊട്ടൊരു കാഴ്ചയും കൗതുകമുള്ളൊരു കഥയും

June 11, 2021

സ്നേഹംകൊണ്ട് മനസുകീഴടക്കുന്നതിൽ എന്നും മുൻപന്തിയിലാണ് മൃഗങ്ങളും പക്ഷികളും. മുൻവിധികളില്ലാതെ, ചിന്തിക്കാൻ കഴിവില്ലാത്ത ഇവർ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതും സ്നേഹം പങ്കുവയ്ക്കുന്നതും എന്നും മനുഷ്യന് കൗതുകം സമ്മാനിച്ചിട്ടുണ്ട്. അത്തരമൊരു പ്രണയത്തിൻെറയും അച്ഛന്റെ കരുതലിന്റെയും കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഫോട്ടോഗ്രാഫറായ മാത്യു റൈഫ്മാൻ പങ്കുവെച്ച ചിത്രങ്ങളിൽ ഒരു ആൺ അരയന്നം ആറോളം കുഞ്ഞു അരയന്നങ്ങളെ പുറത്തിരുത്തി വെള്ളത്തിൽ നീന്തുകയാണ്. ഈ കുഞ്ഞുങ്ങളുടെ അച്ഛനാണ് ഈ ആൺ അരയന്നം. കാഴ്ചയിലുള്ള കൗതുകത്തിനുപരി ഹൃദയം തൊടുന്ന ഒരു കഥയും ഈ ചിത്രത്തിന് പറയാനുണ്ട്.

ആറ് അരയന്നകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അമ്മ അരയന്നത്തിന് അജ്ഞാത ആരോഗ്യപ്രശ്നങ്ങളാൽ ജീവൻ നഷ്ടമായത്. ഒരു കുഞ്ഞ് മുങ്ങി മരിച്ചു, ബാക്കിയുള്ളവയുടെ ചുമതല അച്ഛനായ അരയന്നം ഏറ്റെടുത്തു. അരയന്നങ്ങളെ ചുമലിൽ വെച്ച് വെള്ളത്തിൽ നീന്തുകയും അവയെ നീന്താൻ പഠിപ്പിക്കുകയുമൊക്കെയാണ് ഈ അച്ഛൻ.

പൊതുവെ ഇണയുമായി മനോഹരമായ വൈകാരിക ബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് അരയന്നങ്ങൾ. അതുകൊണ്ടുതന്നെ ഇണയെ നഷ്ടമായാൽ അവ വിഷാദത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ഇങ്ങനെയുള്ള ഒരു ഘട്ടത്തിലൂടെ കടന്നുപോകാതിരിക്കാനാവാം ഈ ആൺ അരയന്നം കുഞ്ഞുങ്ങളെ ഇത്രത്തോളം പരിപാലിക്കുന്നതെന്ന് ചിത്രങ്ങൾ കണ്ടവർ അഭിപ്രായപ്പെടുന്നു.

Read More: എങ്ങനെയാണ് 90+ My Tuition App മികച്ച പഠനനിലവാരം പുലർത്തുന്നത്?

പക്ഷികളെക്കുറിച്ചുള്ള ബ്രിട്ടീഷ് വെബ്‌സൈറ്റായ ബേർ‌ഡ്‌സ്പോട്ട് പറയുന്നത് ഇണകളെ നഷ്ടമായി കുറച്ചുനാൾ കഴിയുമ്പോൾ അരയന്നങ്ങൾ മറ്റൊരു പങ്കാളിയെ തേടും എന്നാണ്. അതുകൊണ്ട് ഈ വര്ഷം പൂർണമായും കുഞ്ഞുങ്ങളെ പരിപാലിച്ച് അവയ്ക്ക് ഭക്ഷണം നൽകിയും കളിച്ചും അവർ പറക്കാനും അതിജീവിക്കാനും പഠിച്ചു കഴിയുമ്പോൾ മറ്റൊരു ഇണയെ തേടുമായിരിക്കും എന്നാണ് പലരും കരുതുന്നത്.

Story highlights- father swan carrying babies