‘കൈ പിടിച്ചു നടത്താൻ അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്’- ഹൃദയം തൊട്ടൊരു അനുഭവക്കുറിപ്പ്
അച്ഛൻ എന്നത് പലർക്കും കൂടെയുള്ളപ്പോൾ തിരിച്ചറിയാനാകാത്ത സ്നേഹമാണ്. എന്നാൽ, നഷ്ടമായി കഴിയുമ്പോൾ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരാൾ ഇല്ല എന്ന് തിരിച്ചറിയും. മറ്റുചിലർക്ക് അച്ഛനെന്നത് ഓർമ്മകളാണ്. എപ്പോഴോ നഷ്ടമായി പോയ ചില ഓർമ്മകൾ മാത്രം. വളരെ നൊമ്പരം തോന്നുന്ന ഒരു അവസ്ഥയാണത്. ചിലപ്പോൾ നേരിട്ട് കണ്ട ഓർമ്മ പോലുമില്ലാതെ, ചിത്രങ്ങളിൽ മാത്രം അച്ഛനെ കണ്ടിട്ടുള്ളവർ. ഇന്ന് അച്ഛനമ്മമാർ പ്രായമാകുമ്പോൾ മക്കൾക്ക് മുന്നിൽ ചെറുപ്പത്തിൽ അവർ കാണിച്ച അതേ വാശികൾ പ്രകടിപ്പിക്കുമ്പോൾ വൃദ്ധസദനങ്ങളിലേക്ക് തള്ളുന്ന കാഴ്ച പതിവായിരിക്കുന്നു. ജീവിതം മുഴുവൻ മക്കൾക്കായി മാറ്റിവെച്ച തണലായി നിന്ന അവരെ തള്ളിപ്പറയുമ്പോൾ അച്ഛനെ ഒന്ന് കണ്ട ഓർമ്മ പോലുമില്ലാതെ തള്ളിനീക്കിയ ജീവിതത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് പാചക വിദഗ്ധയും കുക്കറി ഷോ അവതാരകയുമായ ഫാത്തിമ ഇക്‌ബാൽ.
ഫാത്തിമ ഇക്‌ബാലിന്റെ കുറിപ്പ്;
അന്ന്…
“ഇയാളെ കാണാൻ അച്ഛനെപ്പോലെയില്ലേ അമ്മാ..” ടീവിയിൽ കച്ചേരി നടത്തുന്ന ആളെയും ഹാളിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുള്ള അച്ഛന്റെ ഫോട്ടോയും മാറി മാറി നോക്കി ഇതു ചോദിക്കുമ്പോൾ എനിക്ക് മൂന്നോ മൂന്നരയോ വയസ്സാണ് പ്രായം..അന്ന് അമ്മയുടെ കണ്ണിൽ നിന്നടർന്നു വീണ കണ്ണീരു കണ്ട നിമിഷം മുതൽ എന്റെ മനസ്സിൽ ‘അച്ഛൻ’ എന്നത് ‘Prohibited word’ ആണ്..അച്ഛനെക്കുറിച്ച് സംസാരിച്ചാൽ അമ്മ കരയും എന്ന ചിന്ത മനസ്സിലുറച്ചു പോയി..ഇപ്പോഴും അമ്മയോട് അച്ഛനെക്കുറിച്ച് ഒരക്ഷരം ഞാൻ ചോദിക്കാറില്ല..അമ്മ എന്തെങ്കിലും പറയുമ്പോൾ മൂളിക്കേൾക്കുമെന്നല്ലാതെ..പിന്നീട് കുറച്ചു കൂടി മുതിർന്നപ്പോഴാണ് അച്ഛന് സെക്കന്റ് അറ്റാക്ക് ആയിരുന്നു എന്നൊക്കെ അറിഞ്ഞത്..അച്ഛനില്ലാത്ത ഒരു വിഷമവും ഞാൻ അറിയാതിരിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിക്കും..ഞാൻ ചോദിക്കുന്നതൊക്കെ വാങ്ങിച്ചു തരും..ആഗ്രഹിച്ച ഒരു കാര്യവും കിട്ടിയില്ല എന്നൊരു വിഷമം എനിക്കുണ്ടായിട്ടേയില്ല..എന്നാലും കൂട്ടുകാരുടെ വീട്ടിലൊക്കെ പോകുമ്പോൾ അവരും അവരുടെ അച്ഛനും തമ്മിലുള്ള തമാശകളൊക്കെ നോക്കി നിന്നിട്ടുണ്ട്..സ്നേഹത്തോടെ അവരെ ശാസിക്കുന്നത് കേൾക്കുമ്പോൾ ഓർത്തിട്ടുണ്ട് വഴക്ക് പറയാനെങ്കിലും അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന്..അതൊരു വിങ്ങലാണ്..ഒന്നിനും പകരം വെക്കാനാവാത്ത,ആരോടും പങ്കു വെക്കാനാവാത്ത,പങ്കു വെച്ചിട്ടും കാര്യമില്ലാത്ത ഒരു വിങ്ങൽ..എങ്കിലും അച്ഛന്റെ സ്നേഹം എന്താണെന്നു ഒട്ടും അറിഞ്ഞിട്ടേയില്ലാത്ത എന്നേക്കാൾ വിഷമം ആയിരിക്കാം കുറച്ചു നാൾ അതനുഭവിച്ചിട്ട് അച്ഛൻ നഷ്ടപ്പെട്ടു പോയ കുട്ടികൾക്ക് എന്ന് തോന്നിയിട്ടുണ്ട്..അങ്ങനെയുള്ള കൂട്ടുകാരും എനിക്കുണ്ടായിരുന്നു.. അവരുടെ വിഷമം കാണുമ്പോൾ തോന്നിയിട്ടുണ്ട് ഞാൻ അത്രയധികം വിഷമിക്കാതിരിക്കാൻ വേണ്ടിയാകാം ദൈവം എനിക്ക് ഒട്ടും അച്ഛനെ കാണാതെയും അറിയാതെയും ആക്കിയത് എന്ന്..
ഇന്ന്…
നമുക്ക് ആഗ്രഹിച്ചിട്ടു കിട്ടാതെ പോയ എല്ലാം നമ്മൾ മക്കളിലൂടെ നേടിയെടുക്കാറില്ലേ..എന്റെ മക്കളുടെ കൂടെ അവരുടെ വാപ്പച്ചി ചിലവഴിക്കുന്ന ഓരോ നിമിഷവും എനിക്ക് സന്തോഷത്തിന്റേതാണ്..അവർ ഒരുമിച്ച് കളിക്കുമ്പോഴും ചിരിക്കുമ്പോഴും അച്ഛൻ മക്കളെ ആനപ്പുറത്തേറ്റുമ്പോഴും ഒക്കെ എന്നിലെ ആ മൂന്നു വയസ്സുകാരി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ട്.. ഞാൻ മക്കളെ വഴക്ക് പറയാനോ അടിക്കാനോ പോകുമ്പോൾ ‘തൊട്ടുപോകരുത്’ എന്ന് പറഞ്ഞ് അവരുടെ വാപ്പച്ചി ചുറ്റിപ്പിടിക്കുമ്പോൾ ദേഷ്യത്തിനിടയിലും അവർക്ക് അങ്ങനെയൊരാൾ ഉണ്ടല്ലോയെന്ന് അഹങ്കരിച്ച് മനസ്സിൽ ഞാൻ ചിരിക്കുന്നുണ്ട്..മക്കൾക്ക് ചോക്ലേറ്റ് വാങ്ങുമ്പോൾ എനിക്കും കൂടി വാങ്ങുന്ന ആളിലൂടെ,പറയുമ്പോഴൊക്കെ കറങ്ങാൻ കൊണ്ട് പോവുന്ന ആളിലൂടെ,ഇഷ്ടങ്ങൾക്ക് കൂട്ടായും തെറ്റുകൾ തിരുത്തിയും കൂടെത്തന്നെയുള്ള ആളിലൂടെ,ജീവിതത്തിലെ പല ഘട്ടങ്ങളിലും തീരുമാനങ്ങൾ എടുക്കാനാവാതെ വിഷമിക്കുമ്പോൾ വഴി കാണിച്ചു തരുന്ന ആളിലൂടെ..കിട്ടാതെ പോയ സ്നേഹമത്രയും ഞാൻ തിരിച്ചു പിടിക്കുകയാണ്..അച്ഛൻ എന്ന വികാരം എന്താണെന്ന് മക്കളിലൂടെ അനുഭവിച്ചറിയുകയാണ്..അച്ഛന്റെ സ്നേഹം തട്ടിയെറിഞ്ഞ ജീവിതത്തോടുള്ള എന്റെ മധുരപ്രതികാരമാണിത്..
എല്ലാ മക്കളോടുമാണ്..കൈ പിടിച്ചു നടത്താൻ അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്..പ്രായമായാലും അവരുടെ കൊച്ചു കൊച്ചു വാശികൾ അങ്ങ് സമ്മതിച്ചു കൊടുത്തേക്കുക..കാരണം, ആ സ്നേഹം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഒരുപാടു കുഞ്ഞുങ്ങൾ നമുക്കിടയിലുണ്ട്..ഉള്ളിലെ വിങ്ങൽ അവർ പുറത്തു കാണിക്കുന്നില്ലെന്നേയുള്ളൂ..
മക്കളെ സ്നേഹിക്കുന്ന,കുടുംബത്തെ സ്നേഹിക്കുന്ന എല്ലാ അച്ഛന്മാർക്കും ഹാപ്പി ഫാദേർസ് ഡേ..
Story highlights- fathima ikbal’s fathers day facebook post