പെൺകുട്ടി ഉറങ്ങി എണീറ്റത് 48 ദിവസങ്ങൾക്ക് ശേഷം; പിന്നിൽ…
ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ… എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറയുന്നവരും ഉറക്കം ശരിയായില്ല എന്ന് പറയുന്നവരുമൊക്കെ നിരവധിയുണ്ട്. എന്നാൽ ഉറങ്ങാൻ തുടങ്ങിയാൽ മാസങ്ങളോളം ഉണരാതെ ഉറങ്ങുന്ന ആളുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? എങ്കിൽ ഇങ്ങനെയും ചിലരുണ്ടത്രേ. ഇനി ഇവർ ചുമ്മാതങ്ങ് കിടന്ന് ഉറങ്ങുന്നവരല്ല. ഇത് ഒരു രോഗാവസ്ഥയാണ്.
ലോകത്ത് പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകാൻ സാധ്യതയുള്ള രോഗാവസ്ഥയാണ് ക്ളൈൻ ലെവിൻ സിൻഡ്രോം. ഇത്തരത്തിലുള്ള നാല്പതോളം കേസുകളാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അപൂർവ രോഗാവസ്ഥയ്ക്ക് അടിമയാണ് കൊളംബിയ സ്വദേശിയായ ഷാരിഖ് ടോവർ എന്ന പെൺകുട്ടി. രണ്ടു വയസുമുതലാണ് ഈ പെൺകുട്ടിയിൽ ഈ രോഗാവസ്ഥ കണ്ടുതുടങ്ങിയത്. അടുത്തിടെ നീണ്ട 48 ദിവസത്തെ ഉറക്കത്തിന് ശേഷമാണ് ഷാരിഖ് ടോവർ ഉണർന്നത്.
ചിലർക്ക് ഈ രോഗാവസ്ഥ പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് കാണുക. എന്നാൽ ചിലർക്ക് ഇത് ജീവിതാവസാനം വരെ ഉണ്ടാകാറുണ്ട്. ഈ രോഗാവസ്ഥയുടെ ഫലമായി പലർക്കും മസ്തിഷ്ക ക്ഷതം വരെ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ കിടന്ന് ഉറങ്ങുന്നവർ മാസങ്ങൾക്ക് ശേഷമോ ആഴ്ചകൾക്ക് ശേഷമോ ആയിരിക്കാം ഒരുപക്ഷെ ഉണരുക. എന്നാൽ ഉറങ്ങി എണീക്കുമ്പോൾ പഴയകാര്യങ്ങളെക്കുറിച്ചൊന്നും ഇവർക്ക് ഓർമ്മ ഉണ്ടാകില്ല. പിന്നീട് ചിലപ്പോൾ ദിവസങ്ങൾക്കോ മണിക്കൂറുകൾക്കോ ശേഷമായിരിക്കും ഇവർക്ക് പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയുക.
അതേസമയം ഉറങ്ങുന്ന ഈ കാലങ്ങളിൽ അവർ തന്നെ എണീറ്റ് ബാത്റൂമിൽ പോകുകയും മറ്റുള്ളവർ അവർക്ക് ഭക്ഷണം നല്കുകയുമൊക്കെ ചെയ്യും. എന്നാൽ ഇതൊന്നും അവർക്ക് ഓർത്തെടുക്കാൻ കഴിയില്ല. ഈ രോഗാവസ്ഥയ്ക്ക് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
Story highlights:girl slept for 48 days