ആകാശയാത്രയ്ക്ക് സ്കൈ പോഡ്; അറിയാം ഗതാഗത സാധ്യതകൾ
ഗതാഗതകുരുക്ക് ഇന്ന് മിക്ക സിറ്റികളിലും നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇതിന് പരിഹാരമെന്നോളം പൊതുഗതാഗതങ്ങളും മെട്രോ ട്രെയിനുമൊക്കെ അവതരിപ്പിച്ചെങ്കിലും പലയിടങ്ങളിലും ഇപ്പോഴും ഗതാഗതക്കുരുക്ക് വലിയ രീതിയിലുള്ള പ്രശ്നമാകാറുണ്ട്. ഇതിനൊരു പരിഹാരമെന്നോണം അവതരിപ്പിച്ചതാണ് സ്കൈ പോഡ് എന്ന പദ്ധതി. 2019 ൽ പരീക്ഷണയോട്ടം തുടങ്ങിയ ഈ പദ്ധതിയുടെ ആദ്യഘട്ടം ഷാർജ എയർപോർട്ട് റോഡ് മുതൽ മുവൈല റോഡ് വരെയാണ്.
മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സ്കൈ പോഡിൽ സഞ്ചരിക്കാനാകും. പരീക്ഷണഘട്ടത്തിൽ പ്രധാനമായും രണ്ട് പാതകളാണ് നിർമിക്കുന്നത്. 2.4 കിലോമീറ്റർ വീതമുള്ള 2 ട്രാക്കുകളാണ് ആദ്യമായി ഒരുക്കുന്നത്. ഈ വർഷം നവംബറിലും അടുത്ത വർഷം മെയിലുമായാണ് ഈ ട്രാക്കുകളുടെ നിർമാണം പൂർത്തിയാകുക.
വിനോദ സഞ്ചാരമേഖലയിലും ചരക്ക് നീക്കത്തിനും ഉൾപ്പെടെ ഈ പദ്ധതി കൂടുതൽ സ്വീകാര്യമാകുമെന്നാണ് കരുതുന്നത്. ഗതാഗത മേഖലയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി മറ്റ് പദ്ധതികളെ അപേക്ഷിച്ച് ചിലവ് കുറഞ്ഞവയാണ്. ഒരേസമയം 14 പേർക്ക് കയറാവുന്ന ചെറിയ പോഡുകളും 75 പേർക്ക് കയറാവുന്ന വലിയ പോഡുകളുമാണ് ഇത്തരത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഉരുക്കുവടങ്ങളിലൂടെ വളരെ വേഗത്തിൽ ഈ പോഡുകൾക്ക് സഞ്ചരിക്കാനാകും. അതിന് പുറമെ കുറഞ്ഞത് നൂറ് വർഷമെങ്കിലും ഈ പാതകൾ ഉപയോഗിക്കാനാകും എന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഇന്ധനച്ചെലവ് കുറവാണ്. സ്ഥലനഷ്ടം പോലുള്ള പ്രശ്നങ്ങളും ഈ പദ്ധതിയിൽ ഉണ്ടാകില്ല.
Story highlights:high speed skypod transport