ഓർമ്മകൾ നശിച്ചു; ചിത്രങ്ങൾകൊണ്ട് പുതിയ ലോകം സൃഷ്ടിച്ച് 83 കാരി
ഓർമ്മകൾ നശിച്ചിട്ടും മനോഹരമായ ചിത്രങ്ങൾ ഒരുക്കി അതിജീവിച്ചുകൊണ്ടിരിക്കുകയാണ് ലതാ ചൗധരി. കഴിഞ്ഞ നാല് വർഷങ്ങളായി അൽഷിമേഴ്സ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ് ലതാ ചൗധരി. ഭർത്താവ് യോഗേന്ദ്ര ശങ്കർ ചൗധരിക്കൊപ്പം ബാന്ദ്ര ഈസ്റ്റിലെ വീട്ടിലാണ് ലതാ ചൗധരി താമസിക്കുന്നത്. ഇന്ന് പഴയ പലതും 83 കാരിയായ ലതയുടെ ഓർമ്മകളിൽ ഇല്ല. എങ്കിലും ചായങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും പുതിയൊരു ലോകംതന്നെ സൃഷ്ടിക്കുകയാണ് ഈ ‘അമ്മ.
വളരെ ചെറുപ്പത്തിൽ സഹോദരിയുടെ സഹായത്തോടെ ചിത്രങ്ങൾ വരയ്ക്കാൻ പഠിച്ചതാണ് ലതാ ചൗധരി. അത് പിന്നീട് കുറെ കാലം തുടർന്നു. എന്നാൽ പിതാവിന്റെ മരണശേഷം പഠനത്തോടൊപ്പം ചിത്രരചനയും അവസാനിപ്പിച്ചതാണ് ലതാ ചൗധരി. പക്ഷെ ഇന്ന് പഴയ പലതും ചിത്രങ്ങളിലൂടെ വീണ്ടും ഓർത്തെടുക്കുകയാണ് ലത.
കഴിഞ്ഞ കുറച്ച് നാളുകളായി മരിച്ചുപോയ മാതാപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചുമൊക്കെ ലതാ ചൗധരി സ്ഥിരമായി ചോദിയ്ക്കാൻ തുടങ്ങി. ഇതോടെ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് ലതയ്ക്ക് അൽഷിമേഴ്സ് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് പൂർണമായും ഓർമ്മ നശിക്കാതിരിക്കാൻ ഡോക്ടറുടെ സഹായത്തോടെ മകൻ പരേഷും ഭർത്താവ് യോഗേന്ദ്ര ശങ്കർ ചൗധരിയും ചേർന്നാണ് ലതയെ ചിത്രങ്ങൾ വരയ്ക്കാൻ പ്രോത്സാഹിപ്പിച്ചത്. ഇപ്പോൾ ഈ വീടിന്റെ ചുവരുകൾ മുഴുവൻ മനോഹരമായ ചിത്രങ്ങളാണ്. പഴയ പലതും ചിത്രങ്ങളിലൂടെ ലത വരയ്ക്കുന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട് എന്നാണ് ഈ കുടുംബം പറയുന്നത്.
Story Highlights: How 83-year-old Lata Alzheimer’s diagnosis started painting