‘എനിക്കിത് അഭിനയിക്കാൻ കഴിയും എന്ന വിശ്വാസംപോലും എന്നിൽ നിന്നും അവൾ തകർത്തെറിഞ്ഞു’: ‘മേരിക്കുട്ടി’യുടെ ഓർമകളിൽ ജയസൂര്യ

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ജയസൂര്യ. ജയസൂര്യ മലയാളികൾക്ക് സമ്മാനിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് മേരിക്കുട്ടി. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ഈ ചിത്രത്തില്‍ മേരിക്കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് ജയസൂര്യ എത്തിയത്. ചിത്രത്തിനായുള്ള ജയസൂര്യയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അഭിനയത്തിന് താരത്തെത്തേടി നിരവധി അവാർഡുകളും എത്തിയിരുന്നു..ഇപ്പോഴിതാ ചിത്രം പിറന്നിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന് വേണ്ടിയെടുത്ത തയാറെടുപ്പുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിക്കുകയാണ് ജയസൂര്യ.

എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന “മേരിക്കുട്ടി” ആദ്യത്തെ 3 ദിവസം ഇവൾ എന്നിലേക്ക് പ്രവേശിച്ചില്ല..എനിക്ക് ഇത് അഭിനയിക്കാൻ കഴിയും എന്ന വിശ്വാസംപോലും എന്നിൽ നിന്നും ഇവൾ തകർത്തെറിഞ്ഞു. പ്രാർത്ഥനയോടെ ജയസൂര്യ എന്ന വ്യക്തിയെ തന്നെ ഇവൾക്ക് മുന്നിൽ അല്ലെങ്കിൽ ഞാൻ കാണാത്ത ആ അദ്യശ്യ ശക്തിക്ക് മുന്നിൽ സമർപ്പിച്ചപ്പോൾ, ആ ‘ശക്തി’ എനിക്ക് അഭിനയിക്കാനുള്ള അവസരം തന്നില്ല മറിച്ച് അനുഭവിക്കാനുള്ള അവസരം തന്നു. നിന്നെ ഇന്ന് കേരളം അറിഞ്ഞ് തുടങ്ങീട്ട് മൂന്ന് വർഷം. (ഇതിലെ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു സീൻ നിങ്ങൾക്കായ് സമർപ്പിക്കുന്നു) വിഡിയോ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചു.

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളും പ്രമേയമാക്കിയാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ചിത്രീകരിച്ചത്. മലയാളികൾ ഒന്നാകെ ഏറ്റെടുത്ത ചിത്രം തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രം മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ജീവിത യാത്രയുമായാണ് പ്രമേയമാക്കുന്നത്.

Story Highlights: Jayasurya about Njan Marykutty Movie