പ്രണയവും സംഗീതവുംകൊണ്ട് അർബുദത്തെ അതിജീവിച്ചവർ: 100 ദിനങ്ങൾ പിന്നിട്ട് ബാക്ക് പാക്കേഴ്‌സ്, യുട്യൂബ് റിലീസിനൊരുങ്ങി ചിത്രം

June 30, 2021

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം കാളിദാസ് ജയറാം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. ‘രൗദ്രം’ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ റൂട്ട്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. മികച്ച സ്വീകാര്യതാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരിലേക്കെത്തി 100 ദിനങ്ങൾ പിന്നിട്ട ചിത്രം ഇപ്പോൾ യുട്യൂബ് റിലീസിനൊരുങ്ങുകയാണ്. റൂട്ട്സ് വീഡിയോ യുട്യൂബ് ചാനലിലൂടെ ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജയരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കാർത്തിക നായർ ആണ്. ചിത്രത്തിൽ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബാക്ക് പാക്കേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നതാണ്. വാഗമണ്ണിലും വര്‍ക്കലയിലുമായാണ് സിനിമ ചിത്രീകരിച്ചത്. പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സച്ചിൻ ശങ്കറാണ്. പ്രണയവും സംഗീതവുംകൊണ്ട് അർബുദത്തെ അതിജീവിച്ച രണ്ട് പേരുടെ കഥയാണ് ചിത്രം പറയുന്നത്.

Read also:വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രീറ്റിങ് കാർഡുകളൊരുക്കി ഒരു യുവതി; ലക്ഷ്യം പ്രകൃതി സംരക്ഷണത്തിനൊപ്പം വരുമാനവും

ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്.

Story highlights: Kalidas Jayaram Backpackers on youtube release