കനത്ത മഴയിൽ റോഡരികിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്ത് മകൾ; കുട പിടിച്ച് ചാരത്ത് അച്ഛനും- ഹൃദയംതൊട്ട കാഴ്ച

June 20, 2021

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അച്ഛനമ്മമാരുടെ സ്വാധീനം വളരെ വലുതാണ്. അച്ഛന്റെ തണലിലും അമ്മയുടെ കരുതലിലും വളർന്നു വരുന്നവർ എല്ലാ വർഷവും അവർക്കായി ഓരോ ദിനങ്ങളും മാറ്റിവയ്ക്കാറുമുണ്ട്. ഇന്ന് അച്ഛന്മാരുടെ ദിനമാണ്. അന്താരാഷ്ട്ര പിതൃദിനത്തിൽ ഹൃദയംതൊട്ടൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

വഴിയരികിൽ പെരുമഴയത്ത് ഓൺലൈൻ ക്ലാസ്സിൽ പഠിക്കുകയാണ് ഒരു പെൺകുട്ടി. തോരാത്ത മഴയിലും അവൾ നനയുന്നില്ല. കാരണം, അച്ഛൻ കുട പിടിച്ച് ചാരത്ത് നിൽക്കുകയാണ്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയയിൽ നിന്നും അകലെയുള്ള ബല്ലക ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ചിത്രം. നിമിഷനേരംകൊണ്ടാണ് ചിത്രം ശ്രദ്ധനേടിയത്.

ഓൺ‌ലൈനായി എസ്‌എസ്‌എൽ‌സി ക്ലാസ് മകൾ കേൾക്കുമ്പോൾ അച്ഛൻ നാരായണനാണ് കുട പിടിക്കുന്നത്. സുള്ളിയയിൽ നിന്നുള്ള പത്രപ്രവർത്തകനായ മഹേഷ് പുച്ചപ്പാഡിയാണ് ചിത്രം പകർത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണിയോടെ പെൺകുട്ടി ഈ സ്ഥലത്ത് എത്തുമെന്നും അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.

Read More: ഒറ്റനോട്ടത്തിൽ ബുക്ക് ഷെൽഫ്; ‘സൂക്ഷിച്ച് നോക്കെടാ ഉണ്ണീ..’ എന്ന് മഞ്ജു വാര്യർ

എന്തുകൊണ്ട് ഇങ്ങനെ മഴയത്ത് ഇരിക്കുന്നു എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. ഇന്റർനെറ്റ് ലഭ്യത വളരെ കുറഞ്ഞ ഇടങ്ങളിൽ ഒന്നാണ് കർണാടകയിലെ ഉൾപ്രദേശങ്ങൾ. ഇങ്ങനെ റേഞ്ച് ഉള്ള സ്ഥലങ്ങൾ തേടി ദൂരേക്ക് സഞ്ചരിക്കുന്നത് ഈ ഗ്രാമങ്ങളിൽ പതിവുമാണ്. മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ ഇങ്ങനെ ഏതാ കാറ്റിലും മഴയിലും മാതാപിതാക്കളും ഒപ്പമുണ്ടാകും. ഗുട്ടിഗാർ, ബല്ലക, കമില തുടങ്ങിയ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ വീടിനു പുറത്തേക്ക് ഇറങ്ങേണ്ടി വരുന്നത് പതിവാണ്.

Story highlights- Karnataka man holds umbrella as daughter attends online class on roadside amid heavy rains