ഓൺലൈനിലെ ആദായ വില്പന: വഞ്ചിതരാകരുത്, നിർദ്ദേശവുമായി കേരള പൊലീസ്
ലോക്ക്ഡൗൺ കാലം കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് ഓൺലൈൻ ഷോപ്പിങ്ങാണ്. എന്നാൽ ഇക്കാലത്ത് നിരവധി വ്യാജ വെബ്സൈറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ മുൻനിര കമ്പനികളുടെ പേരിലും വ്യാജന്മാർ ഇറങ്ങാറുണ്ട്. ഈ സൈറ്റുകളിലെ ഓഫറുകൾ കണ്ട് വഞ്ചിതരാകരുത് എന്ന നിർദ്ദേശവുമായി എത്തുകയാണ് കേരള പൊലീസ്.
അറിയാത്ത പിള്ള …ഓൺലൈനിലെ ആദായ വില്പന – വഞ്ചിതരാകരുത്
പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വൻവിലക്കുറവിൽ ലഭിക്കുമെന്നറിഞ്ഞാൽ ആരാണ് വാങ്ങാൻ ആഗ്രഹിക്കാത്തത്…? ഇത്തരം അത്യാഗ്രഹങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ ഉന്നവും. ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും വ്യാജപരസ്യങ്ങൾ കണ്ട്, അവിശ്വസനീയമായ വിലക്കുറവിൽ ഐഫോണും സ്മാർട്ട് വാച്ചും വാങ്ങാൻ ഓൺലൈനായി പണമടച്ച് വഞ്ചിതരാകുന്നവരുടെ പരാതികൾ വർദ്ധിക്കുയാണ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരന്തരം അവബോധം നല്കന്നുണ്ടെങ്കിലും വിലക്കുറവ് കണ്ടാൽ എല്ലാം മറന്ന് അതിനുപിന്നാലെ പോകുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. പണം നഷ്ടപ്പെടുമ്പോഴാണ് ഇത്തരക്കാർക്ക് തിരിച്ചറിവുണ്ടാകുന്നത്.
അമ്പതിനായിരം രൂപയ്ക്കു മുകളിൽ വിലവരുന്ന ഗാഡ്ജെറ്റുകൾ അയ്യായിരം രൂപക്ക് ലഭ്യമാക്കുമെന്ന വ്യാജ വാഗ്ദാനങ്ങളുടെ സാമാന്യയുക്തിപോലും മനസിലാക്കാതെയാണ് ആൾക്കാർ തട്ടിപ്പിന് തലവച്ചുകൊടുക്കുന്നത്. തട്ടിപ്പിനിരയാവുന്നവരിലേറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്.
കൊവിഡ് പശ്ചാത്തലത്തിൽ കൂടുതലായി ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ തട്ടിപ്പും വർദ്ധിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോപ്പപ്പ് മെസേജുകളായാണ് പലപ്പോഴും ഇത്തരം പരസ്യങ്ങൾ എത്തുക.
പരസ്യങ്ങളിലെ ലിങ്കുകളില്‍ കയറി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കുന്ന ശീലം ഒഴിവാക്കണം. പലപ്പോഴും തട്ടിപ്പുസംഘങ്ങളാവും ഇത്തരം പരസ്യങ്ങള്‍ക്കു പിന്നില്‍. കേട്ടുപരിചയവും കണ്ടുപരിചയവുമുള്ള ആധികാരികമായ വെബ്സൈറ്റുകളിൽ നിന്നുമാത്രം ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുക.
വെബ് സൈറ്റ് അഡ്രസിലെ അക്ഷരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ കാണുന്ന തരത്തിൽ കൃത്യമാണോയെന്ന് പരിശോധിക്കണം. വെബ് അഡ്രസ് സുരക്ഷിതമാണെന്നും അധികാരികമാണെന്നും ഉറപ്പാക്കണം.
കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ വെബ്സൈറ്റുകളിൽ വഞ്ചിതരാകരുത് എന്ന നിർദ്ദേശവുമായി പൊലീസ് എത്തിയത്.
Story highlights:Kerala police awareness against fake online shopping