ഓൺലൈനായി വീണ്ടുമൊരു അധ്യയന വർഷം കൂടി

June 1, 2021

ഓൺലൈൻ ക്ലാസുകളുമായി വീണ്ടുമൊരു അധ്യയന വർഷം കൂടി.. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. കൊവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഇത്തവണയും. മൂന്ന് ലക്ഷത്തിലധികം കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ നിര്‍വഹിക്കും.

പ്രവേശനോത്സവ പരിപാടികൾ രാവിലെ 8 മണി മുതൽ ആരംഭിച്ചു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ സിനിമ താരങ്ങൾ കുട്ടികൾക്ക് ആശംസകളുമായെത്തും. 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസുകൾ ആരംഭിക്കും.

Read also:പല ഇടങ്ങളിലായി കുട്ടികൾ; ഗ്രൂപ്പ് ഫോട്ടോയിൽ ഒന്നിപ്പിച്ച് ടീച്ചർ, കൈയടിച്ച് സോഷ്യൽ മീഡിയ

വിക്ടേഴ്‌സ് ചാനല്‍ വഴി ആയിരിക്കും കുട്ടികളുടെ ക്ലാസുകൾ. ആദ്യ രണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് വിക്ടേഴ്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾക്ക് പുറമെ അതത് സ്കൂളിൽ നിന്നും കുട്ടികൾക്ക് ക്ലാസുകൾ എടുക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്.

Read also:ഒരേ സ്ഥലത്തിന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ; പിന്നിൽ പ്രകൃതി സ്നേഹിയായ ഒരാൾ…

ജൂലൈ മാസത്തോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സംവദിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. പാഠപുസ്തക വിതരണം ജൂണ്‍ 15ഓടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവ് പോലെയുണ്ടാകും.

Story Highlights:kerala school opening from today