റോഡിന് ഇരുവശത്തുമായി പിങ്കും നീലയും നിറത്തിലുള്ള തടാകങ്ങൾ; ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ…
ചില കാഴ്ചകൾ അങ്ങനെയാണ് ആദ്യം അത്ഭുതപ്പെടുത്തും പിന്നെ അമ്പരപ്പിക്കും…അതിനുശേഷം ചിന്തിപ്പിക്കും. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും കാഴ്ചകളും മനുഷ്യന് പുത്തന്‍ അറിവുകളും വിസ്മയങ്ങളുമൊക്കെ സമ്മാനിക്കാറുണ്ട്. ഇത്തരത്തില്‍ പ്രകൃതി ഒരുക്കിയ അതിവിശിഷ്ടമായ ഒരു കാഴ്ചയുണ്ട് ഓസ്ട്രേലിയയില്‍. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ ഓസ്ട്രേലിയയിൽ കാഴ്ചക്കാരെ മുഴുവൻ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് പിങ്ക് നിറത്തിലുള്ള മക്ഡൊണേൽ തടാകം.
ഭൂമിയിലെ പലയിടങ്ങളിലും പിങ്ക് തടാകങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും സുന്ദരം ഓസ്ട്രേലിയയിൽ മക്ഡൊണേൽ തടാകമാണ്. ഇത് രാജ്യത്തെ ഏറ്റവും തീവ്രമായ പിങ്ക് തടാകങ്ങളിൽ ഒന്നുകൂടിയാണ്. അതിന് പുറമെ ഇവിടെയെത്തുന്ന കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കുന്നതാണ് ഈ പിങ്ക് തടാകത്തിന് അരികിലൂടെയുള്ള യാത്ര. മനോഹരമായ മണൽത്തീരങ്ങളോട് ചേർന്നുള്ള ഈ തടാകത്തിനരികിലായി ഒരു വലിയ റോഡും കടന്നുപോകുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും വളരെ വ്യത്യസ്തമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു വശത്ത് നീലയും മറുവശത്ത് പിങ്കും നിറത്തിലുള്ള തടാകങ്ങളാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്ന സുന്ദരകാഴ്ച.
ഓസ്ട്രേലിയയിലെ ഹില്ലിയര്‍ തടാകത്തിനും പിങ്ക് നിറമാണ്. ഉപ്പു ജലമാണ് ഈ തടാകത്തില്‍. യൂക്കാലിപ്റ്റ്സ് മരങ്ങളാല്‍ വയം ചെയ്യപ്പെട്ടിരിക്കുന്ന ഈ തടാകവും കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കാറുണ്ട്. അതേസമയം തടാകങ്ങളുടെ പിങ്ക് നിറത്തിന്റെ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ ഉപ്പു തടാകത്തിലെ ചില ബാക്ടീരിയകളും ആല്‍ഗകളുമാണ് ഈ പിങ്ക് നിറത്തിന് കാരണം എന്നും പറയപ്പെടുന്നുണ്ട്.
കാഴ്ചയില്‍ ഏറെ മനോഹരമാണെങ്കിലും ഉപ്പ് ഖനനം നടക്കുന്നതിനാല്‍ പിങ്ക് തടാകത്തിലും സമീപത്തുള്ള നീല തടാകത്തിലും പലപ്പോഴും ഇറങ്ങാന്‍ സഞ്ചാരികള്‍ക്ക് അനുവാദമില്ല. എന്തായാലും ഭൂമിയിലെ അതിശയകാഴ്ചകളില് ഒന്നുകൂടിയാണ് ഈ തടാകം.
Story Highlights:Lake MacDonnell- Best Pink Lake In South Australia