‘ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരുതുളളി മധുരം’; ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസി ഗ്രാമത്തെ പാട്ടുകളാൽ സമൃദ്ധമാക്കിയ കലാകാരൻ

June 19, 2021
Ramesan_Nair

കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മരണം ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കിയ നിരവധി പാട്ടുകൾ സമ്മാനിച്ചതാണ് രമേശൻ നായർ. ലാല്‍ ജോസിന്‍റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ പാട്ടുകള്‍ക്ക് വരികള്‍ എഴുതിയതും രമേശന്‍ നായര്‍ ആയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ലാൽ ജോസ്.

‘ചന്ദ്രനുദിക്കുന്ന ദിക്കിലെ “ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരു തുളളി മധുരം” ഒന്ന് കേട്ട് നോക്കൂ. ഉപാസനമൂർത്തിയോട് അക്ഷരവരം യാചിക്കുന്ന കവിയെ കാണാം. കുടവുമായി പോകുന്ന അമ്പാടി മുകിൽ ഹൃദയത്തിൽ തളിക്കുന്ന അമൃതായിരുന്നു രമേശൻനായർ സാറിന് കവിത. അത്രമേൽ ബഹുമാനത്തോടെ പ്രാർത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ.

മനം കുളിർക്കണ പുലരി മഞ്ഞും സൂര്യകാന്തിപ്പൂക്കളും ആമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസിഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി. വിദ്യാജിയും ഞാനും വിദ്യാർത്ഥികളായി മാഷിന്റെ മുമ്പിലെന്നപോലെയിരുന്ന ആ പാട്ട്കാലം . കാണാതീരത്തേക്ക് യാത്രപോയ കവിയെക്കുറിച്ചുളള ആ നല്ല ഓർമ്മകൾക്കു മുമ്പിൽ എന്റെ പ്രണാമം’. ലാൽ ജോസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Read also:‘ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ’; അവധിയ്ക്ക് ശേഷം തിരികെ പോകാതിരുന്ന സൈനികന്റെ മനസുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് എസ് രമേശൻ നായർ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. അഞ്ഞൂറോളം സിനിമകളിലും ആയിരത്തിലധികം ഭക്തിഗാനങ്ങൾക്കും അദ്ദേഹം പാട്ടൊരുക്കിയിട്ടുണ്ട്.

Story highlights: lal jose words about s ramesan nair