‘പരിമിതികളും, പരിധികളുമറിയാവുന്ന മനുഷ്യന്‍’; പശുപതിയെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് സംവിധായകന്‍

June 15, 2021
MA Nishad about actor Pasupathy

വൈരം എന്ന ഒരു സിനിമ മതി പശുപതി എന്ന നടന്റെ അഭിനയമികവ് വ്യക്തമാകാന്‍. അവതരിപ്പിച്ച കഥാപാത്രത്തെ അത്രമേല്‍ പൂര്‍ണതയിലെത്തിച്ചുരുന്നു താരം. ശ്രദ്ധ നേടുകയാണ് പശുപതിയെക്കുറിച്ച് സംവിധായകന്‍ എംഎ നിഷാദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കുറിപ്പ്. എന്തുകൊണ്ടാണ് താരത്തെ കാസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സംവിധായകന്‍ ഈ വാക്കുകള്‍.

എം എ നിഷാദ് പങ്കുവെച്ച കുറിപ്പ്

”പശുപതി എന്ന നടന്‍ (താരം) മനുഷ്യന്‍”
”To be a good actor,you have to feel life and observe life ”–Lane Garrison ലേന്‍ എഡ്വേര്‍ഡ് ഗാരിസണ്‍ എന്ന ഹോളിവുഡ്, നടന്റെ വാക്കുകളാണിത്. ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവൊന്നുമല്ല ലേന്‍ ഗാരിസണ്‍, പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസക്തമാണ്. നിങ്ങള്‍ക്ക്, ഒരു നല്ല നടനാകണമെങ്കില്‍, ജീവിതം അനുഭവിക്കുകയും, നിരീക്ഷിക്കുകയും വേണം.

അങ്ങനെ ഒരു നടനെ പറ്റിയാണ് ഞാന്‍ എഴുതുന്നത്. അത് മറ്റാരുമല്ല, പശുപതി എന്ന നടനാണ്. പശുപതിക്ക് നല്ലൊരു
താരമെന്ന പട്ടത്തേക്കാളും, നല്ലൊരു മനുഷ്യനെന്ന മേല്‍വിലാസം ആണ് കൂടുതല്‍ ചേരുക. താരമൂല്ല്യത്തേക്കാളും, നടന വൈഭവത്തിന് പ്രാധാന്യം കൊടുക്കുന്ന എന്നെ പോലെയുളള സംവിധായകര്‍ക്ക് പശുപതിയേ പോലുളള
അഭിനേതാക്കള്‍ എന്നും ഒരു പ്രചോദനമാണ്.

കൂത്തു പട്ടരൈ എന്ന തമിഴ് നാട്യ കളരിയില്‍ നിന്നാണ് പശുപതി എന്ന നടന്‍ സ്ഫുടം ചെയ്തത്. അദ്ദേഹത്തെ സിനിമയിലേക്ക് ആനയിച്ചത് നാസര്‍ എന്ന പ്രഗദ്ഭനും. കമല്‍ഹാസന്റെ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത മരുതുനായകം എന്ന ചിത്രത്തിലൂടെയാണ്, പശുപതിയുടെ അരങ്ങേറ്റം. പിന്നീട്, വീരുപാണ്ടി, സുളളന്‍, ഈ, തിരുപ്പാച്ചി, കുസേലന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടി.

ഞാന്‍ പശുപതിയേ ശ്രദ്ധിക്കുന്നത് ”വെയില്‍’ എന്ന ചിത്രത്തിലെ പ്രകടനം കൊണ്ടാണ്. ഏതൊരു അഭിനയ മോഹിയായ വ്യക്തിയും കണ്ടിരിക്കേണ്ട സിനിമ. ചെന്നൈയിലെ, ഒരു വിരസമായ സായാഹ്നത്തില്‍, വടപളനി AVM തീയറ്ററിലാണ്, ഞാന്‍ വെയില്‍ കാണുന്നത്. സിനിമയും, അതിലെ പ്രധാന കഥാപാത്രമായ മുരുകേശനെ അവതരിപ്പിച്ച നടനും എന്റെ മനസ്സിലെ തീരാത്ത നോവായി മാറി. ഒരു നടന്‍ എങ്ങനെ, ഒരു പ്രേക്ഷകനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കിയ നിമിഷങ്ങള്‍. വസന്ത ബാലനായിരുന്നു സംവിധായകന്‍.

എന്റെ ഏറ്റവും പ്രിയപ്പെട്ട ”വൈരം” എന്ന ചിത്രത്തില്‍ നായകനായ ശിവരാജനെ അവതരിപ്പിക്കാന്‍ പശുപതിയെ തിരഞ്ഞെടുക്കാന്‍, രണ്ടാമതൊന്ന് ചിന്തിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. എന്റെ മൂന്ന് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വൈരം കൂടാതെ, No66 മധുരബസ്സ്, കിണര്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. പലരും എന്നോട് ചോദിക്കാറുണ്ട്, എന്തിനാണ് പശുപതിയേ എല്ലാ ചിത്രത്തിലും കാസ്റ്റ് ചെയ്യുന്നതെന്ന്?

എനിക്ക് അവരോടൊക്ക് പറയാനുളള മറുപടി, വളരെ സിമ്പിള്‍ ആണ്. ഒന്നാമത് എന്റെ എല്ലാ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടില്ല. ഞാന്‍ സംവിധാനം ചെയ്ത ഒമ്പത് ചിത്രങ്ങളില്‍, മൂന്നെണ്ണത്തില്‍ മാത്രമേ അദ്ദേഹം സഹകരിച്ചിട്ടുളളു. പിന്നെ, ഒരു സംവിധായകന് ഏറ്റവും comfortable ആയിട്ടുളള നടന്‍. താര ജാഡകളില്ല. പരിമിതികളും, പരിധികളുമറിയാവുന്ന മനുഷ്യന്‍. ഒരു കഥാപാത്രത്തെ ഉള്‍ക്കൊളളാനുളള Dedication അഥവാ സമര്‍പ്പണം. ഇതൊക്കെയാണ്, പശുപതിയെ വ്യത്യസ്തനാക്കുന്നത്. എന്റെ രചനകളില്‍ കഥാപാത്രത്തിന്, പശുപതിയുടെ രൂപം തെളിയുന്നതും അതുകൊണ്ടാണ്…

പുതിയ സിനിമ എഴുതുന്ന തിരക്കിലാണ്. അതില്‍ ഏതെങ്കിലും കഥാപാത്രത്തിന് പശുപതിയുടെ ഛായ വരുമോ എന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍, ആ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്, പശുപതി എന്ന നടനായിരിക്കും. ഞങ്ങള്‍ തമ്മിലുളള സഹോദര തുല്ല്യമായ സ്‌നേഹ ബന്ധത്തേക്കാളും, ആ കഥാപാത്രം
പശുപതിക്ക് അനുയോജ്യമാണോ എന്നാണ് ഞാനും അദ്ദേഹവും ആലോചിക്കുകയ. കാരണം, ജീവിതാനുഭവങ്ങളും, ജീവിത നിരീക്ഷണങ്ങളുമുളള ഒരു മനുഷ്യ സ്‌നേഹിയായ നടനാണ് പശുപതി…

Story highlights: MA Nishad about actor Pasupathy