ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും വാക്സിൻ എത്തിച്ച് മഹേഷ് ബാബു
കൊറോണക്കാലത്ത് നിരവധി സുമനസുകളാണ് ദുരിതമനുഭവയ്ക്കുന്നവർക്ക് താങ്ങായി എത്താറുള്ളത്. ഇപ്പോഴിതാ ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ എത്തിച്ച് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൈയടിനേടുകയാണ് ചലച്ചിത്രതാരം മഹേഷ് ബാബു. ആന്ധ്രാപ്രദേശിലെ ബുറുപലെ എന്ന ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കുമാണ് മഹേഷ് ബാബു വാക്സിൻ എത്തിച്ചുനൽകിയത്. മഹേഷ് ബാബുവിന്റെ ഭാര്യയും അഭിനേത്രിയുമായ നമ്രത ശിരോദ്കർ ആണ് ഈ വിവരം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്.
അതേസമയം മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറുപലെ ഗ്രാമം. നേരത്തെ ബുറുപലെ ഗ്രാമത്തെ താൻ ഏറ്റെടുക്കുന്നതായി താരം അറിയിച്ചിരുന്നു. ഗ്രാമത്തിന്റെ വികസനങ്ങൾക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളും താരം ചെയ്തിരുന്നു. അടുത്തിടെ ഗ്രാമത്തിലെ സ്കൂളിൽ മനോഹരമായ ക്ലാസ്സ് മുറികൾ നിർമിക്കുന്നതടക്കമുള്ള വികസനപ്രവർത്തനങ്ങൾ താരം നടത്തിയിരുന്നു.
Read also:ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ നാനൂറോളം ആദിവാസി കുടുംബങ്ങൾക്ക് തുണയായി റാണാ ദഗുബാട്ടി
അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് മഹേഷ് ബാബു. അണിയറയിൽ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. മഹേഷ് ബാബുവും കീർത്തി സുരേഷും ഒന്നിക്കുന്ന ചിത്രമാണ് ‘സർക്കാരു വാരി പാട്ട’. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത് എന്നാണ് സൂചന. ഋത്വിക് റോഷനെ നായകനാക്കി മധു മന്ദാന ഒരുക്കുന്ന രാമായണ എന്ന ചിത്രത്തിൽ രാമനായി എത്തുന്നത് മഹേഷ് ബാബുവാണ് എന്നാണ് സൂചന.
Story Highlights; mahesh babu vaccinates a village completely against covid-19