‘മരക്കാര്‍’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Marakkar will be released all theaters in Kerala

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 12 ന് ഓണം റിലീസായി മരക്കാര്‍ തീയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.

‘സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു…’ എന്നാണ് റിലീസിനെക്കുറിച്ച് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ദേശീയതലത്തില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു ചിത്രം. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച വിഷ്വല്‍ എഫക്ടസിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.

Read more: കണ്ണനായി മേഘ്‌നയും, രാധയായി മിയയും; രാരവേണു ഗാനത്തിന് ചുവടുവെച്ച് മിടുക്കികൾ

സാങ്കേതിക മികവില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പകുതിയും നാവികയുദ്ധമാണ്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ‘മരക്കാര്‍’ എന്ന സിനിമയുടെ നിര്‍മാണം.

Story highlights: Marakkar release date announced by Mohanlal