ഇന്ന് ജൂൺ 25, ഇന്ത്യൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ദിനം; ആദ്യ ലോകകപ്പ് ഓർമ്മയിൽ ക്രിക്കറ്റ് പ്രേമികൾ

June 25, 2021
first world cup

I was born the day India won its world Cup’….25th june 1983‘ ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിൽ സോനം കപൂർ ഈ ഡയലോഗ് പറഞ്ഞുനിർത്തുമ്പോൾ ഇന്ത്യ മുഴുവൻ ആവേശത്തോടെ പറഞ്ഞു ‘Wow’ എന്ന്.. കാരണം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഇന്ത്യൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് 1983 ജൂൺ 25. 38 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകത്തിൻ്റെ നെറുകയിൽ എത്തിയത്.

ലോകകപ്പ് വിജയം രുചിച്ച് കപ്പ് ഉയർത്തി നിൽക്കുന്ന കപിൽ ദേവ് എന്ന ഇന്ത്യൻ നായകന്റെ രൂപം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ഇന്നും നിറഞ്ഞുനിൽക്കുകയാണ്…അത്രമേൽ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞതാണ് ആദ്യലോകകപ്പ് ഓർമ്മകൾ. പല രാജ്യങ്ങളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം.

1979ൽ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനക്കാരായി പുറത്തായ ഇന്ത്യ 1983-ൽ ക്യാമ്പയിൻ തുടങ്ങുന്നത് തന്നെ വെസ്റ്റ് ഇൻഡീസിനെ കീഴ്മേൽ മറിച്ചുകൊണ്ടായിരുന്നു. 1983. ജൂൺ 25.. ക്രിക്കറ്റിൻ്റെ മക്ക എന്നറിയപ്പെടുന്ന ലോർഡ്സിൽ ഇത്തിരിക്കുഞ്ഞന്മാരും അതികായരും തമ്മിൽ ഒരു ലോകകപ്പ് കലാശപ്പോര്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആൻഡി റോബർട്ട്സിൻ്റെ നേതൃത്വത്തിലുള്ള വിൻഡീസ് പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞു. കേവലം 183 റൺസെടുത്ത് ഇന്ത്യയുടെ എല്ലാവരും പുറത്തായി…വിൻഡീസിന് ഹാട്രിക്ക് കിരീടം എന്ന തരത്തിൽ വാർത്തകൾ പരന്നുതുടങ്ങി…

പിന്നീട് കളത്തിൽ ഇറങ്ങിയ മദൻ ലാലും മൊഹീന്ദർ അമർനാഥും ബൽവിന്ദർ സന്ധുവും ചേർന്ന് വിൻഡീസിനെ ആക്രമിച്ചു.. 33 റൺസെടുത്ത റിച്ചാർഡ്സ് ആയിരുന്നു വിൻഡീസ് ടോപ്പ് സ്കോറർ. 52ആം ഓവറിലെ അവസാന പന്ത്. മൊഹീന്ദർ അമർനാഥിൻ്റെ ബാക്ക് ഓഫ് എ ലെംഗ്ത് ഡെലിവറിയുടെ ബൗൺസ് ജഡ്ജ് ചെയ്യാൻ വിൻഡീസിൻ്റെ അവസാന വിക്കറ്റായ മൈക്കൾ ഹോൾഡിംഗിനു സാധിച്ചില്ല. പാളിപ്പോയ ഒരു ഹാഫ് പുൾ ഷോട്ടിൽ ബാറ്റിനടിയിലൂടെ കടന്നുപോയ പന്ത് പാഡിൽ ഇടിക്കുന്നു. എൽബിഡബ്ല്യു അപ്പീൽ. അമ്പയർ വിരലുയർത്തുന്നു. അങ്ങനെ ഇന്ത്യയിൽ ചരിത്രത്തിലെ ആ അത്ഭുത വിജയം അവിടെ പിറന്നു…

Story Highlights: Memmories of India first world cup victory