കൊവിഡ് അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്ന യോഗാ ദിനാശംസയുമായി മോഹന്‍ലാല്‍
ജൂണ്‍ 21, അന്താരാഷ്ട്ര യോഗാ ദിനമാണ്. ആരോഗ്യ സംരക്ഷണത്തില്‍ യോഗയ്ക്കുള്ള പ്രാധാന്യവും ചെറുതല്ല. സൈബര്‍ ഇടങ്ങളിലടക്കം യോഗാ ദിന ആശംസകളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചലച്ചിത്രാതാരം മോഹന്‍ലാലിന്റെ യോഗാദിനാശംസ. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തികച്ചും വേറിട്ട ഒരു ആശംസയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
‘ ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്കോടു കൂടി തന്നെ പ്രത്യാശാപൂര്‍വമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം. ആശംസകള്‍.’ എന്നാണ് മോഹന്‍ലാല്‍ തന്റെ യോഗാ ചിത്രത്തിനൊപ്പം കുറിച്ചത്.
അതേസമയം 2014 ഡിസംബര്‍ 11 ന് ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിലാണ് ജൂണ്‍ 21 യോഗാദിനമായി ആചരിക്കണമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്നേദിവസം യോഗാദിനമാക്കണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പര്‍ശിക്കുന്നു എന്നതാണ് യോഗയുടെ പ്രത്യേകത. ഭാരതത്തിലാണ് യോഗ രൂപംകൊണ്ടതും.
Story highlights: Mohanlal wishes International Yoga Day