ആയിരത്തോളം പേർക്ക് ജോലി നൽകാൻ ഒരുങ്ങി വാട്ടർമാൻ മുരളി; മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർക്ക് മുൻഗണന
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതാണ് ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വെള്ളം എന്ന ചിത്രം. തളിപ്പറമ്പുകാരനായ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മുഴുക്കുടിയനായ മുരളിയായി ചിത്രത്തിൽ അഭിനയിച്ചത് ജയസൂര്യയാണ്. കുടി നിർത്തിയ ശേഷം ബിസിനസിൽ വിജയം കണ്ടെത്തുന്ന മുരളിയുടെ ജീവിതം നിരവധിപ്പേർക്ക് പ്രചോദനം നൽകുന്നതാണ്. എന്നാൽ ഇപ്പോഴിതാ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ ആയിരത്തോളംപേർക്ക് ജോലി നല്കാൻ ഒരുങ്ങുകയാണ് മുരളി കുന്നുംപുറത്ത്.
മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ എന്നിവർക്ക് പരിഗണന നൽകുന്നതാണ് പുതിയ സംരംഭം എന്നും മുരളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. ‘ആയിരത്തോളം പേർക്കുള്ള ജോലി സാധ്യത കൂടിയാണ് എൻ്റെ സ്വപ്നം..നിങ്ങൾക്കെല്ലാമറിയാം മദ്യപാനിയോട് സമൂഹം കാണിക്കുന്ന അവഗണനയെ കുറിച്ച്… വീടും നാടും പുറം തള്ളി തെരുവിലുറങ്ങിയ രാത്രികൾ എൻ്റെ ജീവിതത്തിൽ ഏറെയുണ്ട്. ആരും ഒരൽപം പോലും മനുഷ്യത്വം കാണിക്കാതെ, കോമാളിയായും വിഡ്ഢിയായും നടന്നു തള്ളിയ വഴികൾ എൻ്റെ പുറകിലുണ്ട്…കരഞ്ഞ് തീർത്ത രാത്രികളേയും വിഷാദം പകുത്ത പകലുകളേയും ഒന്നു തിരിഞ്ഞ് നിന്നാൽ എനിക്ക് ഇപ്പോഴും തൊടാം.’
‘ഭൂമിയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ മദ്യപാനിയാണ് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരാൾക്ക് സമൂഹത്തിൻ്റെ കെട്ടിപ്പിടുത്തം ആവശ്യമാണ്. മദ്യപാനം രോഗമാകുമ്പോൾ ചികിത്സക്കൊപ്പം സ്നേഹവും പരിഗണനയും കിട്ടിയേ തീരൂ…ഇത്തരത്തിൽ ഡീ-അഡിക്ഷൻ സെൻ്ററിൽ നിന്നും മറ്റും പുറത്തു വരുന്ന സഹോദരങ്ങൾക്ക് തണലാകാൻ വാട്ടർമാൻ ടൈൽസിനു കഴിയണമെന്ന ആഗ്രഹമുണ്ട്… കഴിയുമെന്ന പ്രതീക്ഷയുമുണ്ട്…അതു കൊണ്ട് മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ… എന്നിവരിൽ കുറച്ചു പേരെയെങ്കിലും ജോലിക്ക് നിർത്താനാണ് ആഗ്രഹം. എന്നും മുരളി കുറിച്ചു.
Story highlights: murali kunnumpurathu vellam movie
.