മലയാളം നാടൻ പാട്ടുകൾ പാടി ചുവടുവെച്ച് അസാമീസ് സഹോദരിമാർ- വിഡിയോ

June 5, 2021

അസമീസ് സഹോദരിമാരായ അങ്കിതയും അന്റാര നന്ദിയും സമൂഹമാധ്യമങ്ങളിലെ താരങ്ങളാണ്. വിവിധ ഭാഷകളിൽ പരമ്പരാഗത വേഷമണിഞ്ഞ് ഗാനമാലപിക്കുന്ന സഹോദരിമാർ ഇപ്പോൾ മലയാളികളുടെയും മനം കവരുകയാണ്. ഇരുവരും ചേർന്ന് മലയാളത്തിന്റെ പ്രിയ നാടൻപാട്ടുകളാണ് ആലപിക്കുന്നത്. ‘നിന്നെക്കാണാൻ എന്നെക്കാളും..’, ‘അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ..’, ‘കുട്ടനാടൻ പുഞ്ചയിലെ..’ തുടങ്ങിയ തനത് ഗാനങ്ങളാണ് അസാമീസ് സഹോദരിമാർ ആലപിക്കുന്നത്.

ഭാഷ അറിയില്ലെങ്കിലും, ഉച്ചാരണത്തിന്റെ കാര്യത്തിൽ ഇരുവരും മികവ് പുലർത്തിയതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഈ അസാമീസ് സഹോദരിമാർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരാകുന്നത് ഇതാദ്യമല്ല. അവരുടെ മ്യൂസിക് കവറുകൾ വ്യത്യസ്തമായതുകൊണ്ട് ഒട്ടേറെ ആരാധകർ ഉണ്ട്.

ലോക്ക്ഡൗൺ സമയത്ത് കാഴ്ചക്കാരെ രസിപ്പിക്കുന്നതിനായി അങ്കിതയും അന്റാരയും ചേർന്ന് ‘ബാൽക്കണി കൺസേർട്ട്’ ആരംഭിക്കുകയായിരുന്നു. ബാൽക്കണി കൺസേർട്ട് വിഭാഗത്തിലാണ് മലയാളികളുടെ പ്രിയ നാടൻപാട്ടുകളും എത്തിയിരിക്കുന്നത്.

Read More: ‘ഡോൾമ അമ്മായി ഒരു ചായ..’- വീണ്ടും ചിരിപടർത്തി കുഞ്ഞുമിടുക്കികൾ

‘മലയാളികളായ ശ്രോതാക്കളിൽ നിന്ന് ഞങ്ങൾക്ക് വളരെയധികം സ്നേഹം ലഭിച്ചു. മലയാളത്തിൽ രണ്ടാമത്തെ എപ്പിസോഡ് ചെയ്യാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. മലയാളത്തിലെ കുറച്ച് നിത്യഹരിത നാടോടി ഗാനങ്ങളാണിവ..അവ പാടുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങൾ മലയാളികളല്ലാത്തതിനാൽ, ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കുക. ഇത് സ്നേഹവും പോസിറ്റീവും പ്രചരിപ്പിക്കാനുള്ള ശ്രമം മാത്രമാണ്’- അസാമീസ് സഹോദരിമാർ കുറിക്കുന്നു. മികച്ച പ്രതികരണമാണ് ഇരുവർക്കും മലയാളികളിൽ നിന്നും ലഭിക്കുന്നത്.

Story highlights- Nandy Sisters’ malayalam Fusion