ഡ്രൈവിങ്ങിനിടെ ബ്ലൂടുത്ത് വഴിയുള്ള സംസാരവും വേണ്ട; നടപടി ലംഘിച്ചാൽ പിടിവീഴും
ട്രാഫിക് നിയമങ്ങൾ ശക്തമാണെങ്കിലും ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന വാഹന അപകടങ്ങളുടെ എണ്ണം കൂടുതലാണ്. ഫോൺ ഉപയോഗം അപകടം വർധിപ്പിക്കാൻ ഒരു പരിധിവരെ കാരണമാകുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് ട്രാഫിക് പൊലീസ്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കാൻ അനുമതി ഇല്ലെങ്കിലും ബ്ലൂടുത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംസാരം തുടർന്നിരുന്നു. എന്നാൽ ഇനി മുതൽ ഇതിനും അനുമതിയില്ല. ബ്ലൂടൂത്ത് വഴിയുള്ള സംസാരവും ശ്രദ്ധയിൽപ്പെട്ടാൽ തെളിവ് സഹിതം ആർ ടി ഒയ്ക്ക് നൽകാനും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുമാണ് തീരുമാനം.
മൊബൈൽ ഫോൺ വാഹനത്തിന്റെ സ്പീക്കറുമായി ബന്ധിപ്പിച്ചാൽ ഹാൻഡ് ഫ്രീയായി സംസാരിക്കാം. എന്നാൽ ഇതും ഒരു പരിധിവരെ അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് കണ്ടാണ് പുതിയ നടപടി. അതേസമയം ഇങ്ങനെ സംസാരിക്കുന്നതിനെതിരെയും കേസെടുക്കാൻ മോട്ടോർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. എന്നാൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇതിന് തടസമാകുന്നത്.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ കാരണമാകുന്ന എന്തും വാഹനത്തിൽ ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും.
Story highlights: No bluetooth-calling-while-driving