മഴയ്ക്ക് മുൻപേ കാറുകൾക്കും വേണം കരുതൽ; ടിപ്‌സ്
മഴക്കാലമെത്തി.. ആരോഗ്യകാര്യത്തിൽ ഏറെ കരുതൽ നൽകേണ്ട കാലമാണിത്. എന്നാൽ മനുഷ്യന് മാത്രമല്ല വാഹനങ്ങൾക്കും വേണം മഴക്കാലത്ത് അല്പം കരുതലും ശ്രദ്ധയുമൊക്കെ. കനത്ത മഴയുള്ള സമയങ്ങളിൽ വാഹനം പരമാവധി ഓടിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ വാഹനം ഓടിക്കാതിരിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ഓരോ യാത്രകൾക്ക് ശേഷവും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മഴക്കാലത്തിന് മുന്നോടിയായി വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം. കാറിന്റെ ടയർ, ബ്രേക്ക്, വൈപ്പർ, ഹെഡ്‌ലൈറ്റ്, വിൻഡ്ഷീൽഡ് തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.
മഴക്കാലത്ത് മിക്കവാറും ചെയ്യാറുള്ളതാണ് കാറുകൾ വലിയ ഷീറ്റ് ഉപയോഗിച്ച് മൂടിയിടുന്നത്. എന്നാൽ ഇത് ചിലപ്പോഴെങ്കിലും കാറിന്റെ പെയിന്റ് നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്‌നമാണ് മിസ്റ്റ്. വാഹനങ്ങളുടെ ഗ്ലാസുകളിൽ മഞ്ഞുകണങ്ങൾ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഗ്ലാസിന് അകത്തും പുറത്തും മഞ്ഞ് പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഗ്ലാസിന്റെ പുറത്താണ് മഞ്ഞുകണങ്ങൾ എങ്കിൽ ഇവ ക്‌ളീൻ ചെയ്യുന്നതിനായി ഫ്രഷ് എയർ എടുത്ത ശേഷം ഹീറ്റർ ഓൺ ചെയ്‌താൽ മതി. ഇനി ഗ്ലാസിന് അകത്താണ് മഞ്ഞ് എങ്കിൽ പുറത്തുനിന്നുള്ള വായു എടുത്താൽ ഇത് മാറിക്കിട്ടും.
വാഹനം സർവീസിന് കൊടുക്കുമ്പോൾ വീൽ അലൈൻമെന്റ് ആൻഡ് ബാലൻസിങ് ഉറപ്പുവരുത്തണം. മഴക്കാലത്ത് ഓയിൽ ലീക്ക് ഉണ്ടെങ്കിൽ തിരിച്ചറിയാൻ സാധിക്കില്ല. അതിനാൽ നേരത്തെ തന്നെ ഇത് പരിശോധിച്ച് വാഹനത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആഴ്ചയിൽ ഒരിക്കലെങ്കിലും വാഹനത്തിന്റെ ഓയിൽ ലീക്ക് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്ര മഴക്കാലത്ത് പരമാവധി ഒഴിവാക്കണം. മറ്റ് വാഹനങ്ങൾ പോകുന്നതിന്റെ പുറകെ പോകുന്നതും അത്ര സുരക്ഷിതമല്ല. കാരണം ഓരോ വാഹനത്തിലെയും എയർ ഫിൽറ്റർ അഥവാ സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്. ഇതിലൂടെ വെള്ളം അകത്തേക്ക് കയറാൻ സാധ്യത കൂടുതലാണ്. ഇത് എഞ്ചിൻ ഓഫാകാൻ കാരണമാകും. ഇത്തരത്തിൽ വാഹനം വെള്ളത്തിൽ ഓഫായാൽ ഉടൻ വാഹനം സ്റ്റാർട്ട് ചെയ്യരുത്. ബാറ്ററി ടെർമിനലിൽ നിന്നും വേർപെടുത്താൻ കഴിഞ്ഞാൽ അത് ചെയ്യുക. അല്ലാത്ത പക്ഷം റോഡ് സേവന നമ്പറുകളിൽ വിളിക്കുക. ഇത് മിക്ക വണ്ടികളിലും നൽകിയിട്ടുണ്ട്.
കാറുകൾ പാർക്ക് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. മഴക്കാലത്ത് മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മതിലിന് അരികിലും വാഹനങ്ങൾ നിർത്തിയിടാതിരിക്കുക. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇഴജന്തുക്കൾ കയറിയിരിക്കുന്നത് ഇപ്പോൾ സാധാരണമാണ് അതിനാൽ എപ്പോഴും വാഹനം ക്ലീനായി മാത്രം സൂക്ഷിക്കുക.
Story Highlights:Preparing your car for the Monsoon season