‘പാടുന്നു പ്രിയരാഗങ്ങൾ ചിരി മായാതെ…രാഹുൽരാജ്; പാട്ട് വേദിയുടെ മനം കവർന്ന ഗാനം
‘പാടുന്നു പ്രിയരാഗങ്ങൾ ചിരി മായാതെ നഗരം…’ ഒന്നല്ല ഒരു നൂറുതവണ കേൾക്കാൻ തോന്നും പ്രണയംതുളുമ്പുന്ന വരികളും ഹൃദയം കവരുന്ന ഈണവുമായി എത്തിയ ഈ സുന്ദരഗാനം. സംഗീതപ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയതാണ് എസ്രാ എന്ന ചിത്രത്തിലെ ഈ ഗാനം. ഹരിചരണിന്റെ ശബ്ദത്തിലൂടെയാണ് ഈ ഗാനം മലയാളികൾ ആസ്വദിച്ചത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജിന്റെ സംഗീതം കൂടി ആയപ്പോൾ പാട്ട് അതിഗംഭീരമായി. ഇപ്പോഴിതാ ഈ മനോഹര ഗാനവുമായി പാട്ട് വേദിയിൽ എത്തുകയാണ് സംഗീത സംവിധായകൻ രാഹുൽ രാജ്.
മലയാളികൾ ഹൃദയത്തിലേറ്റിയ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നതാണ് രാഹുൽരാജ്. ഇപ്പോഴിതാ ആലാപനത്തിലും അതിശയിപ്പിക്കുകയാണ് ഈ യുവഗായകൻ. ഫ്ളവേഴ്‌സ് ടോപ് സിംഗർ സ്റ്റാർ നൈറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് ആലാപന മാധുര്യം കൊണ്ട് രാഹുൽരാജ് പാട്ട് വേദിയെ വിസ്‍മയിപ്പിച്ചത്. പാട്ടിന് ശേഷം തനിക്ക് മാർക്കുണ്ടോ എന്ന് ചോദിക്കുന്ന രാഹുലിന് ഡബിൾ ഗോൾഡൻ ക്രൗൺ നൽകും എന്നാണ് ഗായകൻ എം ജി ശ്രീകുമാർ പറയുന്നത്. പാട്ടിന് സംഗീതം ഒരുക്കിയതിനും പാട്ട് ആലപിച്ചതിനുമാണ് രണ്ട് ഗോൾഡൻ ക്രൗൺ നൽകുന്നത് എന്നാണ് എം ജി പറയുന്നത്.
രാഹുൽ രാജ് ഈണം നൽകിയ നിരവധി ഗാനങ്ങൾ ഇതിനോടകം മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞതാണ്. അടുത്തിടെ റിലീസ് ചെയ്‌ത മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിലെ ‘കണ്ണേ ഉയിരിൻ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയും രാഹുൽ രാജ് സംഗീതം ഒരുക്കുന്നുണ്ട്.
Story Highlights; Rahul raj sings ezra song