കുട്ടികള്‍ക്കും വിധവകള്‍ക്കും സൗജന്യമായി മാസ്‌ക്; അറിയാം മാസ്‌ക് ദീദിയെക്കുറിച്ച്

June 24, 2021
Story of Mask Didi from Jharkhand

മാസ്‌ക് ദീദി, വെറുമൊരു പേരല്ല. മഹാമാരിയുടെ ഇക്കാലത്ത് വലിയൊരു പ്രചോദനമാണ്. ജുബ്ലിന കാന്‍ഡുല്‍ന എന്നാണ് മാസ്‌ക് ദീദിയുടെ യഥാര്‍തഥ പേര്. എന്നാല്‍ കൊവിഡ്ക്കാലത്ത് മാസ്‌ക് നല്‍കിക്കൊണ്ട് ഇവര്‍ പലര്‍ക്കും പ്രിയപ്പെട്ട മാസ്‌ക് ദീദിയായി. ഝാര്‍ഖണ്ഡിലെ അംബാടോളി സ്വദേശിയാണ് ജുബ്ലിന കാന്‍ഡുല്‍ന.

ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെയ്‌ലറിങ് ബിസിനസ്സ് ഉണ്ട് ഇവര്‍ക്ക്. ആറ് പേരടുങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനവും ഈ തയ്യല്‍ ജോലിയില്‍ നിന്നും ലഭിയ്ക്കുന്ന തുകയാണ്. എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരി ഇവര്‍ക്കു മുന്നിലും കനത്ത പ്രതിസന്ധി തീര്‍ത്തു. അങ്ങനെ തയ്യല്‍ ജോലി താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലായി. കുടുംബത്തിന് മറ്റ് വരുമാനമാര്‍ഗം ഇല്ലാത്തതുകൊണ്ടുതന്നെ ടോര്‍പ റൂറല്‍ ഡെവല്പ്‌മെന്റെ സൊസൈറ്റി ഫോര്‍ വുമണ്‍ നല്‍കിയ ഒരു പരിശീലന പരിപാടിയില്‍ ജുബ്ലിന കാന്‍ഡുല്‍ന പങ്കെടുത്തു. ചെറിയ രീതിയിലുള്ള സംരംഭത്തിന് പരിശീലനം നല്‍കുന്നതായിരുന്നു ഈ പരിപാടി.

Read more: സംസാരശേഷിയില്ലാത്ത മകനെ കണ്ടെത്താൻ സഹായകമായത് കൈയിലെ ടാറ്റൂ; ഹൃദയംതൊട്ട കൂടിച്ചേരലിന് സാക്ഷിയായ് കോഴിക്കോടും

പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മാസ്‌ക് ധരിക്കേണ്ടതിനെപ്പറ്റി അറിഞ്ഞത്. അതുവരെ ആ ഗ്രാമത്തില്‍ മാസ്‌ക്കിനെപ്പറ്റി ആര്‍ക്കുംതന്നെ വലിയ ധാരണകള്‍ ഉണ്ടായിരുന്നില്ല. ഗ്രാമത്തില്‍ മറ്റുള്ളവര്‍ക്കും മാസ്‌ക് നല്‍കുന്നതിനു വേണ്ടി ജുബ്ലിന കാന്‍ഡുല്‍ന മാസ്‌ക് തയിച്ചു തുടങ്ങി. ആദ്യമൊന്നും പലരും മാസ്‌ക് വാങ്ങിയിരുന്നില്ല. എന്നാല്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ പലരും മാസ്‌ക് തേടി ജുബ്ലിന കാന്‍ഡുല്‍നയുടെ അരികിലെത്തി.

അങ്ങനെ അവര്‍ മാസ്‌ക് ദീദി എന്ന് അറിയപ്പെട്ടു തുടങ്ങി. സ്വന്തം ഗ്രാമത്തിന് പുറമെ സമീപത്തുള്ള ഗ്രാമത്തിലും മാസ്‌ക് ദീദി മാസ്‌ക്കുകള്‍ തയ്ച്ചു നല്‍കുന്നു. എന്നാല്‍ കുട്ടികള്‍ക്കും വിധവകള്‍ക്കും സൗജന്യമായാണ് ജുബ്ലിന കാന്‍ഡുല്‍ന മാസ്‌ക്കുകള്‍ തയ്ച്ചു നല്‍കുന്നത്. കൊവിഡ്ക്കാലത്ത് ജോലി നഷ്ടപ്പെട്ട പല സ്ത്രീകള്‍ക്കും ഈ മാസ്‌ക് ദീദി തയ്യല്‍ പരിശീലനവും നല്‍കുന്നുണ്ട്.

Story highlights: Story of Mask Didi from Jharkhand