ഇത് ചെറിയൊരു സര്‍പ്രൈസ്; ‘പാപ്പന്‍’ ലുക്ക് പങ്കുവെച്ച് സുരേഷ് ഗോപി
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പാപ്പന്‍. പിറന്നാള്‍ ദിനത്തില്‍ പാപ്പന്‍ സിനിമയിലെ കഥാപാത്രത്തിന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ആരാധകര്‍ക്കുള്ള ചെറിയൊരു സര്‍പ്രൈസ് എന്നു കുറിച്ചുകൊണ്ടാണ് താരം പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.
സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒരുമിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ സലാം കാശ്മീര്‍ ആണ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാന സുരേഷ് ഗോപി ചിത്രം. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് പാപ്പനില്‍ സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്നത്.
നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ആര്‍ ജെ ഷാന്‍, ജേക്‌സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Suresh Gopi birthday surprise Paappan look