കറുത്ത നിറമുള്ള ആപ്പിൾ; പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിൽ…

June 7, 2021
black apples

വളരെ സുപരിചിതമായ പഴവർഗമാണ് ആപ്പിൾ. ഗുണങ്ങൾ ധാരാളം ഉള്ളതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെയുണ്ട് ആപ്പിളിന്. ഇഷ്ടവിഷ്ടം ആയതുകൊണ്ടാവാം കറുത്ത ആപ്പിളുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നാലെയാണ് പലരും. വ്യാജവാർത്തൾക്ക് മുട്ടില്ലാത്ത കാലമായതുകൊണ്ടുതന്നെ പല കാര്യങ്ങളിലെയും സത്യവും വ്യാജവും കണ്ടെത്താനും മനുഷ്യൻ വളരെയധികം പ്രയാസപ്പെടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ വൈറലായ കറുത്ത ആപ്പിളുകൾ സത്യമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പലരും.

സാധാരണയായി നമുക്കിടയിൽ സുപരിചിതമായത് ചുവപ്പും പച്ചയും നിറത്തിലുള്ള ആപ്പിളുകളാണ്. അതുകൊണ്ടുതന്നെ കറുത്ത ആപ്പിളുകളെക്കുറിച്ചുള്ള ചിത്രങ്ങൾ എളുപ്പത്തിൽ വ്യാജമാണെന്ന് പറഞ്ഞ് തള്ളിക്കളയാം. എന്നാൽ കറുത്ത ആപ്പിൾ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ യാഥാർഥ്യത്തിൽ വ്യാജമല്ല. യുഎസിലെ അർക്കൻസാസിലെ ബെന്റൺ കൗണ്ടിയിൽ വിളയുന്ന ആപ്പിളുകളുടെ നിറം കറുപ്പാണ്.

Read also:കൊവിഡ് കാലത്ത് ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പി ബോളിവുഡ് താരവും കുടുംബവും; പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ

കറുത്ത ആപ്പിളിന്റെ ഗുണങ്ങൾ പരിശോധിച്ചാലോ..? വളരെയധികം ആരോഗ്യപ്രദമായ ഭക്ഷണമാണ് ഈ കറുത്ത ആപ്പിൾ. നാരുകൾ ധാരാളമായി അടങ്ങിയതിനാൽ ദഹനത്തിനും കൊളസ്ട്രോളിനും ഹൃദയാരോഗ്യത്തിനും വരെ അത്യുത്തമമാണ് ഈ പഴം. വിറ്റാമിൻ സി, എ, പൊട്ടാസ്യം ഇരുമ്പ് എന്നിവയും ഈ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇനി രുചിയുടെ കാര്യത്തിലോ.? സാധാരണ കാണുന്ന ചുവന്ന ആപ്പിളുകളെ അപേക്ഷിച്ച് ഇവ രുചിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. കാരണം കടുത്ത ചവർപ്പാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ പറിച്ചെടുത്ത ഉടൻ ഇവ ഭക്ഷിക്കാൻ കഴിയില്ല. ഇവയുടെ ചവർപ്പ് കാരണം കറുത്ത ആപ്പിളുകൾ കൂടുതലായും പേസ്ട്രികളും മറ്റ് ഭക്ഷണ വസ്തുക്കളും ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.

അതേസമയം ലോകത്താകെ 7500 ഇനങ്ങളിൽപെട്ട ആപ്പിളുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Story Highlights: These black apples are real?