സ്വന്തം ജീവിതം നിങ്ങളുടെ ജീവിതത്തിൽ ഒരു വിലയും കൊടുക്കാത്തവർക്ക് വേണ്ടി കളയുമ്പോൾ..!
കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ആത്മഹത്യയുടെ വാർത്തകൾ ഏറെ വേദനപ്പിക്കുന്നുണ്ട്. ജീവിതത്തിൽ ഒരു നിമിഷത്തെ തോന്നലിൽ എല്ലാം അവസാനിപ്പിക്കുന്നവരുടെ എണ്ണം നിരവധിയാണ്. ചെറിയ പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ കഴിയാതെ വരുന്നവർക്കായ് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വാനില വർഗീസ് എന്ന പെൺകുട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
താൻ നിസ്സഹായനായി നോക്കിനിൽക്കുമ്പോൾ സ്വന്തം സഹോദരൻ മരണത്തിന് കീഴടങ്ങിയത് കണ്ടുനിന്നതാണ് വനില. അതുകൊണ്ടുതന്നെ ജീവന്റെ വിലയെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും സ്വന്തം ജീവിതം നിങ്ങളുടെ ജീവിതത്തിൽ ഒരു വിലയും കൊടുക്കാത്തവർക്ക് വേണ്ടി കളയുമ്പോൾ അവിടെ തോറ്റു പോകുന്നത് നിങ്ങൾ മാത്രമാണെന്നും കുറിയ്ക്കുകയാണ് വനില.
വനിലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
എനിക്ക് അറിയാവുന്ന എന്റെ പ്രിയ സുഹൃത്തുകളോട്…
രണ്ടു ദിവസം കൊണ്ട് 4 ആത്മഹത്യകൾ… സ്വന്തം ജീവിതം നിങ്ങളുടെ ജീവിതത്തിൽ ഒരു വിലയും കൊടുക്കാത്തവർക്ക് വേണ്ടി കളയുമ്പോൾ അവിടെ തോറ്റു പോകുന്നത് നിങ്ങൾ മാത്രം ആണ്… അവർക്ക് ഒന്നും നഷ്ടപ്പെടില്ല… കുറച്ചു കഴിഞ്ഞു അവർ ജീവിക്കും… ഇന്ന് നിങ്ങൾക്കു വേണ്ടി ആക്രോശിച്ചവർക്ക് എല്ലാവർക്കും നിങ്ങളൊരു ഇന്നലെകൾ മാത്രം ആയിരിക്കും… ഒരുപക്ഷെ ഒരു നെടുവീർപ്പോടെ ഓർത്തെടുക്കുന്ന ഒരു നൊമ്പരം…
നിങ്ങൾക്കു ആർക്കെങ്കിലും ഒരു ജീവന്റെ വില അറിയുമോ? അതിനു പ്രിയപെട്ടവരുടെ മരണം നേരിൽ കാണണം… രക്ഷിക്കാൻ ആവാതെ അവരുടെ മരണത്തിനു തൊട്ടു മുമ്പുള്ള അവരുടെ യാത്ര പറച്ചിൽ കണ്ണടച്ച് കാത് കൂർപ്പിച്ചു കേൾക്കണം.. ഒന്നും ചെയ്യാൻ ആവാതെ പകച്ചു നിൽക്കണം…
ഞാൻ കണ്ടു നിന്നിട്ടുണ്ട്, വളരെ കുറച്ചു മാസങ്ങൾക്കു മുന്നേ ….ഒന്നും ചെയ്യാനാവാതെ… അലറി വിളിച്ചു കരഞ്ഞിട്ടുണ്ട്….25 വർഷം കൂടെ ഇണ്ടായിരുന്ന എന്റെ ഇരട്ട സഹോദരനെ നഷ്ടപെട്ടപ്പോൾ…3- 4 മണിക്കൂറോളം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അവന്റെ അവസാന നിമിഷം കണ്ടപ്പോൾ…. ഇനി എന്റെ കൂടെ ഒരിക്കലും ഇണ്ടാവില്ല എന്ന് മനസിലാക്കിയ ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു എന്താണ് ഒരു ജീവന്റെ വില എന്ന്…
ദൈവം നമുക്കോരോരുത്തർക്കും തന്ന ഏറ്റവും വലിയ ഗിഫ്റ്റ് ജീവിതം ആണെന്ന് മനസിലാക്കി എന്ന് ജീവിക്കാൻ നമ്മൾ തുടങ്ങുന്നുവോ അന്നു നമ്മൾ ജയിക്കും…അതുംപോരെങ്കിൽ ചുറ്റും ഉള്ളവരിലോട്ട് ഒന്നു ഇറങ്ങി ചെല്ലണം… നമ്മളെക്കാൾ ഓരോ ദിവസവും മരിച്ചു ജീവിക്കുന്നവരെ കണ്ടാൽ തീരാവുന്നതേ ഉള്ളു… ഈ വേണ്ടാ വിചാരങ്ങൾ… എല്ലാ മനുഷ്യരും ഒരു പരിധി വരെ സെൽഫ് സെൻറെഡ് ആണ്..
എനിക്ക് മാത്രമേ ജീവിതത്തിൽ ഏറ്റവും വലിയ സങ്കടങ്ങൾ ഉള്ളു എന്ന് വിചാരിക്കുന്ന മണ്ടൻമാർ..ചെറിയ കുട്ടികളുടെ കാൻസർ വാർഡ് കണ്ടിട്ടുണ്ടോ… ഒരു തെറ്റും ചെയ്യാതെ ഇരുന്നിട്ടും ജീവിതത്തിന്റെ നിറങ്ങളും സ്വപങ്ങളും നഷ്ടപ്പെട്ടവർ…പോയി കാണണം. എന്റെ ജീവിതം… എന്റെ വിഷമം… എന്ന് ചിന്തിക്കുന്നവർ എല്ലാം…ഇനിയെങ്കിലും ഒരുപാട് സഹിക്കേണ്ടി വന്നാൽ എന്തും ഞാൻ നേരിടും എന്നൊരു തീരുമാനം എടുത്തു മുന്നോട്ട് നടക്കുക. കളയരുത് നിങ്ങളുടെ വിലപ്പെട്ട ജീവിതം ഒരാൾക്കും വേണ്ടി, ഒരാൾക്കെങ്കിൽ ഒരാൾക്ക് ഒരു പ്രചോദനം ആവാൻ സാധിക്കുമെങ്കിലോ…
Story highlights:Vanila varghese facebook post against suicide