‘പത്തൊന്‍പതാം നൂറ്റാണ്ടില്‍’ തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിന്റെ കഥയുമുണ്ട്
വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചരിത്ര പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിജു വില്‍സണ്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ എത്തുന്നത്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത കൂടി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍
വിനയന്റെ വാക്കുകള്‍
തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന ‘പത്തൊന്‍പതാം നുറ്റാണ്ട്’ ഒരു ആക്ഷന്‍ ഓറിയന്റെഡ് ഫിലിം തന്നെ ആണ്. തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സംഘട്ടന സംവിധായകര്‍ ഇതില്‍ അണിനിരക്കുന്നു. പക്ഷെ ഒരു ആക്ഷന്‍ ഫിലിം എന്നതോടൊപ്പം ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേര്‍ച്ചിത്രം കൂടി ആയിരിക്കും ഈ സിനിമ..
175 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാന്‍ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിന്റെ കഥയും ‘പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു…
ടി വി സ്‌ക്രീനില്‍ കണ്ടാല്‍ ഈ ചിത്രത്തിന്റെ നൂറിലൊന്ന് ആസ്വാദന സുഖം പോലും ലഭിക്കില്ല എന്നതുകൊണ്ടു തന്നെ മഹാമാരി മാറി തീയറ്ററുകള്‍ തുറക്കുന്ന, സിനിമയുടെ വസന്തകാലത്തിനായി കാത്തിരിക്കാം.
Story highlights: Vinayan about his new film Pathonpatham noottandu