കൊവിഡിനെ അകറ്റിനിർത്തിയ കോയമ്പത്തൂരിലെ ഗ്രാമം; വൈറസിനെ തടഞ്ഞത് ഇങ്ങനെ..
ലോകം മുഴുവൻ കഴിഞ്ഞ ഒന്നര വർഷത്തോളമായി കൊവിഡ് മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച വൈറസ് ലോകത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും എത്തിക്കഴിഞ്ഞു. എന്നാൽ കൊവിഡിനെ അകറ്റിനിർത്തിയ ഒരു ഗ്രാമമുണ്ട് നമ്മുടെ കോയമ്പത്തൂരിൽ. കോയമ്പത്തൂരിലെ മലയോര പ്രദേശമായ ചിന്നമ്പതി എന്ന ഗ്രാമത്തിലാണ് ഒരു കൊവിഡ് കേസുപോലും ഇതുവരെ റിപ്പോർട്ട് ചെയ്യാത്തത്.
ഈ ഗ്രാമത്തിലുള്ളവർ ഇപ്പോഴും കൊവിഡിനെ ഭയക്കാതെ ജീവിക്കുന്നതിന് പിന്നിലുമുണ്ട് നിരവധി കാരണങ്ങൾ. കൊവിഡ് തുടങ്ങിയതു മുതൽ മറ്റിടങ്ങളിൽ നിന്നുള്ളവരെ ഈ ഗ്രാമത്തിലുള്ളവർ അകത്തേക്ക് പ്രവേശിപ്പിക്കാറില്ല. മറ്റിടങ്ങളുമായി സമ്പർക്കമില്ലാത്തത് ഇവിടെ രോഗം എത്തിപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ വളരെ വ്യത്യസ്തമായ ജീവിതശൈലി പിന്തുടരുന്നവരാണ് ഇവിടുത്തുകാർ. പ്രകൃതിയോട് ഇണങ്ങിയാണ് ഇവിടുത്തുകാർ ജീവിക്കുന്നത്. അതിനാൽ രോഗങ്ങൾ ഉണ്ടാനുള്ള സാധ്യത പൊതുവെ ഇവിടെ കുറവാണ്.
അവരുടെ ഊരുകളിൽ കൃഷിചെയ്താണ് ഇവർ കഴിയുന്നത്. അതിന് പുറമെ ജോലി ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി ഇവിടെ നിന്നും പുറത്തേക്ക് പോകുന്നവരുടെ എണ്ണവും കുറവാണ്. നാടുമായി വലിയ രീതിയിലുള്ള ബന്ധമില്ലാത്തതിനാൽ ഇന്റർനെറ്റ് പോലുള്ള ആധുനീക സംവിധാനങ്ങളും ഇവിടെ കുറവാണ്.
അതേസമയം ഈ ഗ്രാമത്തിൽ നിന്നും പുറത്ത് പോയി പഠിച്ച ഏക ബിരുദധാരി സന്ധ്യ കഴിഞ്ഞ കുറച്ച് നാളുകൾ മുൻപ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിവാസി ഊരുകളിലെ കുട്ടികൾക്ക് സൗജന്യമായി ക്ലാസുകൾ നടത്തിയാണ് സന്ധ്യ ശ്രദ്ധിക്കപ്പെട്ടത്.
Story highlights:zero covid cases in this village