‘മാലിക്കി’ലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി ജലജ, അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ച് അഭിനയരംഗത്തേക്ക് ചുവടുവെച്ച് മകളും

July 16, 2021

മലയാളികൾക്ക് ഏറെ സുപരിചിതയാണ് 1980 കളിൽ വെള്ളിത്തിരയിൽ തിളങ്ങി നിന്ന ചലച്ചിത്രതാരം ജലജ…സായൂജ്യം, ഈ ഗാനം മറക്കുമോ, ശാലിനി എന്റെ കൂട്ടുകാരി, ഉള്‍ക്കടൽ, രാധ എന്ന പെൺകുട്ടി, ശാലിനി എന്‍റെ കൂട്ടുകാരി, എലിപ്പത്തായം, വേനൽ, യവനിക, പടയോട്ടം, ചില്ല്, അതിരാത്രം തുടങ്ങി നൂറോളം ചിത്രങ്ങളിലായി പതിനഞ്ചോളം വർഷം മലയാള സിനിമാലോകത്ത് ശക്തമായ കഥാപാത്രങ്ങളുമായി തിളങ്ങിനിന്നതാണ് ജലജ. പിന്നീട് വെള്ളിത്തിരയിൽ നിന്നും മാറിനിന്ന താരം മാലിക്കിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്…

26 വർഷങ്ങൾക്ക് ശേഷം ജമീല എന്ന കഥാപാത്രമായി ജലജ തിരിച്ചുവരുമ്പോൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ താരത്തെ ഏറ്റെടുത്തിരിക്കുന്നതും. മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച മാലിക്ക് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അമ്മയായാണ് ജലജ വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് ജലജ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ജമീലയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ജലജയുടെ മകൾ ദേവിയാണ്. ‘അമ്മ വെള്ളിത്തിരയിലേക്ക് മടങ്ങിവരവ് നടത്തിയപ്പോൾ അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ദേവിയും.

Read also: മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച

ടേക്ക് ഓഫിന് ശേഷം പ്രേക്ഷകരിലേക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ചുകൊണ്ട് മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് മാലിക്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. 27 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രമാണ് മാലിക്.

Story Highlights: actress jalaja and daughter devi joins in malik