‘അടി കപ്യാരേ കൂട്ടമണി’ തമിഴിലേക്ക് എത്തുമ്പോൾ; ചിരിനിറച്ച് ടീസർ
കോളജ് വിദ്യാർത്ഥികളുടെ തമാശകൾക്കൊപ്പം ചിരിയും ചിന്തയും നിറച്ച് പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. മലയാളി സിനിമ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമിപ്പോൾ തമിഴിൽ എത്തുമ്പോൾ സിനിമ ആസ്വാദകർക്കിടയിൽ ചിരി പടർത്തുകയാണ് ചിത്രത്തിന്റെ ടീസർ. അടി കപ്യാരേ കൂട്ടമണി തമിഴിലേക്കെത്തുമ്പോൾ ഹോസ്റ്റൽ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുമന്ത് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നായകനായി വേഷമിടുന്നത് അശോക് സെൽവനാണ്.
ചിത്രത്തിൽ നമിത പ്രമോദ് അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് പ്രിയ ഭവാനി ശങ്കറാണ്. സതീഷ് നാസർ, കെ പി ഐ യോഗി, കൃഷ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നിർമിക്കുന്നത് ആർ രവീന്ദ്രനാണ്. അതേസമയം അശോക് സെൽവന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം നിന്നിലാ നിന്നിലാ ആണ്. അനി ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും അശോക് സെൽവൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Read also:മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, മുകേഷ്, നമിത പ്രമോദ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അടി കപ്യാരേ കൂട്ടമണി മലയാളത്തിൽ സംവിധാനം നിർവഹിച്ചത് ജോൺ വർഗീസാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിജയ് ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Story Highlights:adi kapyare kootamani tamil remake ashok selvan teaser