മെഡൽ നഷ്ടമായി, എങ്കിലും മരിയക്കിത് സന്തോഷദിനം; വൈറലായി ഒരു വിവാഹാഭ്യർത്ഥന
അർജന്റീനയുടെ ഫെൻസിങ് താരം മരിയ ബെലൻ പെരസ് മൗറിസിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരുന്നു കഴിഞ്ഞ ദിവസം…ഒളിമ്പിക്സ് മത്സരവേദിയിൽ മരിയയെ കാത്തിരുന്നത് പരാജമായിരുന്നുമെങ്കിലും മരിയയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം കൂടിയായിരുന്നു അവിടെ പിറന്നത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മരിയയുടെ മുന്നിലേക്ക് പരിശീലകനായ ലൂക്കാസ് ഗ്വില്ലർമോ സോസെഡോ അവിചാരിതമായി വിവാഹ അഭ്യർത്ഥനയുമായി എത്തിയത്.
കഴിഞ്ഞ 17 വർഷമായി പരിചയക്കാരാണ് മരിയ ബെലൻ പെരസ് മൗറിസും ലൂക്കാസ് ഗ്വില്ലർമോ സോസെഡോയും. ഫെൻസിങ് മത്സരത്തിൽ ഹംഗറിയുടെ അന്ന മാർട്ടനോട് പരാജയപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിവാഹാഭ്യർത്ഥനയുമായി ലൂക്കാസ് എത്തിയത്. മത്സരത്തിൽ പരാജയപ്പെട്ടശേഷം വിഷമിച്ചിരിക്കുന്ന മരിയുടെ മുന്നിലേക്ക് പക്ഷെ വളരെ അപ്രതീക്ഷിതമായാണ് ലൂക്കാസ് തന്റെ പ്രണയം പറയാൻ എത്തിയത്. മാധ്യമങ്ങളുടെ ഇടയിലൂടെ ഒരു പേപ്പറിൽ തന്റെ ഇഷ്ടം പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഉയർത്തിപ്പിടിച്ചാണ് ലൂക്കാസ് തന്റെ ഇഷ്ടം പ്രിയപ്പെട്ടവളെ അറിയിച്ചത്.
‘ഞാൻ അവളെ ഇഷ്ടപ്പെടുന്നു. ആദ്യ റൗണ്ടിൽ തോറ്റപ്പോൾ അവൾ കടുത്ത നിരാശയിലായിരുന്നു. ഈ വിവാഹാഭ്യർഥന അവള്ക്ക് ആശ്വാസം ആകുമെന്ന വിശ്വാസത്തിലാണ് വളരെ പെട്ടന്ന് അവളോട് തന്റെ ഇഷ്ടം പറയാൻ തീരുമാനിച്ചത് എന്നാണ് ലൂക്കാസ് മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞത്. അതേസമയം അപ്രതീക്ഷിതമായാണ് തന്റെ മുന്നിലേക്ക് വിവാഹ അഭ്യർത്ഥനയുമായി ലൂക്കാസ് എത്തിയതെങ്കിലും നിറകണ്ണുകളും പുഞ്ചിരി നിറച്ച ചുണ്ടുകളുമായി മരിയ സമ്മതം മൂളി.
Story highlights: an Olympic loss and marriage proposal goes viral