അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ഗാനത്തിന് ഒടുവില്‍ ഔദ്യോഗിക റിലീസ്

July 4, 2021
Aniyathipravu unreleased song lyrical video

ചില സിനിമകളുണ്ട്, കാലമെത്ര കഴിഞ്ഞാലും ആ സിനിമയുടെ ഓര്‍മകള്‍ പ്രേക്ഷ മനസ്സുകളില്‍ നിന്നും അകലില്ല. അത്തരം ചിത്രങ്ങളിലെ പാട്ടുകളും ചില രംഗങ്ങളുമെല്ലാം പ്രേക്ഷകമനസ്സുകള്‍ പോലും കീഴടക്കിയിട്ടുണ്ടാകും. അനിയത്തിപ്രാവ് എന്ന സിനിമയും അങ്ങനെയാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകിയകലാത്ത ഒരു മനോഹര ചിത്രം.

ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിരുന്നു. എന്നാല്‍ അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ കേള്‍ക്കാതെ പോയ ഒരു ഗാനമുണ്ട്. അടുത്തിടെ ഈ ഗാനത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 24 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗാനം യുട്യൂബില്‍ അദ്യോഗികമായി റിലീസ് ചെയ്തിരിക്കുകയാണ്.

Read more: എൻജോയ് എൻജാമിയ്ക്ക് തകർപ്പൻ ചുവടുമായി കുട്ടിപ്പട; മിയക്കുട്ടിയുടെ ലുക്ക് സൂപ്പർഹിറ്റ്

അടുത്തിടെ മരണം കവര്‍ന്നെടുത്ത എസ് രമേശന്‍ നായരാണ് ഈ ഗാനത്തിന്റെ വരികള്‍ എഴിതിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങളുടേയും വരികള്‍ അദ്ദേഹത്തിന്റേതാണ്. തേങ്ങുമീ വീണയില്‍ എന്നു തുടങ്ങുന്നതാണ് ഈ പാട്ട്. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം 1997-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് അനിയത്തിപ്രാവ്. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി. കുഞ്ചാക്കോ ബോബന്‍, ശാലിനി, ഹരിശ്രീ അശോകന്‍, തിലകന്‍, ജനാര്‍ദ്ദനന്‍, സുധീഷ്, കൊച്ചിന്‍ ഹനീഫ, ശ്രീവിദ്യ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി.

Story highlights: Aniyathipravu unreleased song lyrical video