കുട്ടിത്തത്തിന് അപ്പുറം അനുവിന് ഉള്ളുതൊടുന്ന ഒരു കഥയുണ്ട്- ചിരിവേദിയിൽ കണ്ണീരണിഞ്ഞ ഒരു നിമിഷം
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് അനുമോൾ. തിരുവനന്തപുരം സ്വദേശിനിയായ അനു സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണെങ്കിലും സ്റ്റാർ മാജിക് ആണ് താരത്തിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തത്.
കുട്ടിത്തത്തോടെ പെരുമാറുന്ന അനു സ്റ്റാർ മാജിക് ഷൂട്ടിങ്ങിനിടയിൽ വേദിയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന കാഴ്ച്ചകൾ പലപ്പോഴും തമാശരൂപേണ ശ്രദ്ധേയമാകാറുണ്ട്. സ്റ്റാർ മാജിക് വേദിയിലെ പ്രായംകുറഞ്ഞ താരങ്ങളിൽ ഒരാളായ അനു പക്ഷേ, വേദിയിൽ കാണും പോലെ കുട്ടിത്തം മാത്രമുള്ള ഒരു വ്യക്തിയല്ല എന്ന് പറയുകയാണ് ഹാസ്യതാരം ബിനു അടിമാലി.
നവ്യ നായരും കലാഭവൻ ഷാജോണും അതിഥികളായി എത്തിയ എപ്പിസോഡിൽ അടുത്ത ജന്മം സ്റ്റാർ മാജിക് വേദിയിലെ ആരായി ജനിക്കണം എന്ന ചോദ്യമാണ് ലക്ഷ്മി നക്ഷത്ര എല്ലാവരോടുമായി ചോദിച്ചത്. വ്യത്യസ്തമായ ഉത്തരങ്ങൾ എല്ലാവരും നൽകിയപ്പോൾ ഷിയാസും ബിനു അടിമാലിയും അനുവായി ജനിച്ചാൽ മതി എന്നാണ് പറഞ്ഞത്.
അനുവിന്റെ നിഷ്കളങ്കതയാണ് ഇഷ്ട്ടമെന്ന് ഷിയാസ് പറഞ്ഞപ്പോൾ ബിനു അടിമാലിയുടെ ഉത്തരം വ്യത്യസ്തമായിരുന്നു. പുറമെ കാണുന്ന കുട്ടിത്തത്തിന് അപ്പുറം ഒരുപാട് കാര്യങ്ങൾ അനുവിൽ ഉണ്ടെന്ന് ബിനു അടിമാലി പറയുന്നു. ഈ ചെറിയ പ്രായത്തിൽ ഓടിനടന്ന് ജോലി ചെയ്യുകയാണ് അനു. ഒരുദിവസം പോലും വീട്ടിലിരിക്കാതെ അഭിനയവും മോഡലിംഗും സ്റ്റാർ മാജിക്കുമൊക്കെയായി ഓടിനടന്ന് സമ്പാദിക്കുകയാണ് അനു എന്ന് ബിനു അടിമാലി പറയുന്നു. വേദിയിൽ ഇരുന്നു ഉറക്കം തൂങ്ങുന്നത് കാണുന്നവർക്ക് ചിരി വരുത്തുമെങ്കിലും ഈ തിരക്കുകളുടെ അനന്തരഫലമാണ് അത് എന്ന് ബിനു അടിമാലി വ്യക്തമാക്കുന്നു.
Read More: ‘അനുരാഗത്തിൻ വേളയിൽ..’- മനോഹര നൃത്തച്ചുവടുകളുമായി ഡയാന; പ്രണയപൂർവ്വം ഷിയാസും
മാത്രമല്ല, എല്ലാ ഓട്ടത്തിനിടയിലും വെളുപ്പിനെ തിരുവനന്തപുരത്തുനിന്നും സ്റ്റാർ മാജിക് ഷൂട്ടിങ്ങിനായി അനു എല്ലാവരേക്കാളും മുൻപ് എത്തുമെന്നും താരം പറയുന്നു. ഇങ്ങനെയൊക്കെയുള്ള അനുവിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും ബിനു അടിമാലി വ്യക്തമാക്കി. കണ്ണീരോടെയാണ് അനു ബിനു അടിമാലിയുടെ വാക്കുകൾ കേട്ടുനിന്നത്. അതിനൊപ്പം അനുവിനെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുകയും ചെയ്തു താരം.
Story highlights- binu adimali about anumol heart touching story